വിഴിഞ്ഞം: അസൗകര്യങ്ങളാൽ വലയുന്ന വിഴിഞ്ഞത്തെ സപ്ളൈകോയുടെ സൂപ്പർ മാർക്കറ്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന മേയറുടെ വാക്ക് വെറുതേയായി. വർഷങ്ങളായി ഇതു സംബന്ധിച്ച ഫയൽ ഉദ്യോഗസ്ഥർ തട്ടിക്കളിക്കുന്നു. സൂപ്പർ മാർക്കറ്റിൽ സൗകര്യം കുറവാണെന്ന പരാതിയെ തുടർന്ന് നഗരസഭ പീപ്പിൾസ് ഹാളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നഗരസഭ അവിടെയും വെള്ളവും വെളിച്ചവും നല്കാതായതോടെ സൂപ്പർ മാർക്കറ്റ് മാറ്റാൻ കഴിഞ്ഞില്ല. സൂപ്പർ മാർക്കറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് മേയർ ഇടപെട്ട് അനുമതി നൽകിയിട്ട് ഒരു വർഷത്തിലേറെയായി. അതും നടപ്പാകാതായതോടെ മേയർ വീണ്ടും ഇടപെടുകയായിരുന്നു. എന്നാൽ മാസങ്ങളായിട്ടും ഇതു സംബന്ധിച്ച ഫയൽ നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിൽ ഉദ്യോഗസ്ഥർ തട്ടിക്കളിക്കുകയാണ്. ഇപ്പോൾ നഗരസഭയുടെ സോണൽ ഓഫീസിന് മുന്നിലെ ഇടുങ്ങിയ കടമുറിയിലാണ് പ്രവർത്തിക്കുന്നത്. ഇതിനുള്ളിൽ സാധനങ്ങൾ വയ്ക്കാൻ പോലും ഇടമില്ലാത്തതിനാൽ സാധനങ്ങൾ തറയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഉത്സവ സീസണുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ സാധനങ്ങൾ മോഷണം പോകാറുണ്ടെന്നും പരാതിയുണ്ട്. ഇതിനുള്ള പിഴ ജീവനക്കാരിൽ നിന്ന് ഈടാക്കാറാണ് പതിവ്. ഇവിടെ ടോയ്ലെറ്റോ വെള്ളമോ ലഭ്യമാക്കാത്തതിനാൽ വനിതാ ജീവനക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും ലഭ്യമാക്കുന്നതിനുള്ള ഫയലാണ് നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിൽ പരിഗണിക്കാതെ കിടക്കുന്നത്. അടിസ്ഥാന സൗകര്യം ലഭ്യമായാലേ മറ്റു സൗകര്യങ്ങൾ ഒരുക്കാൻ കഴിയൂവെന്ന് സപ്ളൈകോ അധികൃതർ പറഞ്ഞു.
സൂപ്പർ മാർക്കറ്റ് മാറ്റുന്നതു സംബന്ധിച്ച് 2014ൽ അധികൃതർ നഗരസഭയ്ക്ക് അപേക്ഷ നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നീണ്ടു പോകുകയായിരുന്നു. നഗരസഭയ്ക്ക് തനതു ഫണ്ടിൽ നിന്ന് ചെയ്യാമായിരുന്നിട്ടും ഉദ്യോഗസ്ഥർ ഇപ്പോൾ പ്ലാൻ ഫണ്ടിലേക്ക് പദ്ധതി മാറ്റാനുള്ള ശ്രമത്തിലാണ്. അതേസമയം സപ്ളൈകോ ആവശ്യപ്പെട്ട നഗരസഭയുടെ കീഴിലെ പീപ്പിൾസ് ഹാളിൽ സ്വകാര്യ വ്യക്തിക്ക് സൂപ്പർ മാർക്കറ്റ് നടത്താനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.