കല്ലമ്പലം : കല്ലമ്പലത്ത് ഒമ്നി വാനിൽ പ്രൈവറ്റ് വോൾവോ ബസിടിച്ച് യുവാവ്‌ മരിച്ചു. നെടുമങ്ങാട് ആനാട് വേങ്ങവിള കൊല്ലകോണം ഉത്രാടം വീട്ടിൽ ചന്ദ്രശേഖരന്റെ മകൻ ശ്രീജിത്ത്‌ (34) ആണ് മരിച്ചത്‌. അവിവാഹിതനാണ്. കല്ലമ്പലം കടുവാപള്ളിക്കുസമീപം വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് ശ്രീജിത്ത് തിരുവനന്തപുരം ഭാഗത്തേക്ക്‌ ഒമ്നി വാൻ ഓടിച്ചു പോകവേ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ വോൾവോ ഇടിക്കുകയായിരുന്നു. നല്ലവേഗത്തിലായിരുന്നു ബസ്. മുൻവശം പൂർണ്ണമായും തകർന്ന വാനിൽനിന്ന് ശ്രീജിത്തിനെ വളരെ പ്രയാസപ്പെട്ട് പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്നി വാനിൽ ശ്രീജിത്ത്‌ മാത്രമായിരുന്നു. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.