തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടാൽ രാജ്യം രക്ഷപ്പെടുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് ബദൽ ഇടതുപക്ഷം മാത്രമാണ്. ബി.ജെ.പിയും കോൺഗ്രസും ആശയതലത്തിൽ വലിയ വ്യത്യാസമില്ല. മൃദുഹിന്ദുത്വം സ്വീകരിച്ച് കോൺഗ്രസ് ആർ.എസ്.എസിന്റെ ബി ടീമായി മാറിയിരിക്കുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് സമാന്തര നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. യു.ഡി.എഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ പൊതുവിദ്യാഭ്യാസ മേഖല സ്വകാര്യമേഖലയെക്കാൾ ശക്തിപ്പെട്ടു. അടുത്ത വർഷം മുഴുവൻ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെയും കുട്ടികൾക്ക് സൗജന്യ യൂണിഫോം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, എ. ശ്രീകുമാർ, ടി.സി. മാത്തുക്കുട്ടി, പി.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെഷനിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.ജെ. ഹരികുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് പ്രകടനം നടക്കും. 4.30ന് നായനാർ പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.