crime

നെടുമങ്ങാട്: പ്രവാസിയായ യുവാവിന്റെ വീട് തീയിട്ടു നശിപ്പിച്ച കേസിൽ കൊല്ലം നെടുമ്പന കണ്ണനെല്ലൂർ മൊട്ടക്കാവ് റാഷിദ് മൻസിലിൽ എസ്. റമീസ് (24) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ 5ന് രാത്രി ആനാട് മൂഴി ഷിയാസിന്റെ വീട് ആക്രമിച്ച ശേഷം അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ തുറന്നുവീട്ട് തീ കത്തിക്കുകയായിരുന്നു. ഷിയാസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. റമീസിനെ കൂടാതെ വേറെയും പ്രതികൾ കേസിൽ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളുമായി ഗൾഫിൽ വച്ചുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വീട് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്വദേശത്തും വിദേശത്തും നടന്ന ഗൂഢാലോചനയെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് നെടുമങ്ങാട് സി.ഐ ബി.എസ്. സജിമോൻ പറഞ്ഞു. ഡിവൈ.എസ്.പി ഡി. അശോകന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രതാപ ചന്ദ്രൻ, സുനിൽ ഗോപി, ബാലകൃഷ്ണൻ, പൊലീസുകാരായ സനൽരാജ്, നസീം, ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.