ആര്യനാട്: തൊളിക്കോട് മലയടിയിൽ വച്ച് ബൈക്കിൽ സഞ്ചരിച്ച അനസിനെ (32) കാറിടിച്ചുവീഴ്‌ത്തുകയും ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ അഞ്ച് പ്രതികളെ ആര്യനാട് പൊലീസ് അറസ്റ്റുചെയ്‌തു. കേസിലെ നാലാം പ്രതി ചിറയിൻകീഴ് മേൽക്കടയ്ക്കാവൂർ എസ്.ബി നിവാസിൽ പാച്ചൻ എന്ന ഷാജി (39), മൂന്നാം പ്രതി നെയ്യാറ്റിൻകര പെരുംമ്പഴുതൂർ മുതുകുന്നത്തു പുത്തൻവീട്ടിൽ അജു എന്ന അജേഷ് (23), അഞ്ചാംപ്രതി കാട്ടാക്കട ആമച്ചൽ കള്ളിക്കാട് താഴേ പുത്തൻവീട്ടിൽ ഉണ്ണിയെന്ന വിഷ്‌ണു ( 29 ), ആറാംപ്രതി കാട്ടാക്കട ആമച്ചൽ കള്ളിക്കാട് താഴേ പുത്തൻവീട്ടിൽ ശംഭു എന്ന വിശാഖ്, ഏഴാം പ്രതി കാട്ടാക്കട മംഗലയ്ക്കൽ പാപ്പനം പുതുവൽ പുത്തൻവീട്ടിൽ ബിനു (36) എന്നിവരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്. ആര്യനാട് സി.ഐ ബി. അനിൽകുമാർ, എസ്.ഐ എസ്.വി. അജീഷ്, എസ്.ഐ കെ.ഷിജു കെ.നായർ, ഷാഡോ ടീം അംഗങ്ങളായ എസ്.ഐമാരായ പുഷ്പരാജ്, സാംരാജ്, സി.പി.ഒ സതികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 14ന് രാവിലെ 10.30ന് മലയടി തടിമില്ലിന് സമീപമാണ് ആക്രമണമുണ്ടായത്. ഇരുത്തലമൂലയിൽ നിന്നും പറണ്ടോട് ഭാഗത്തേയ്ക്ക് വന്ന അനസിന്റെ ബൈക്ക് എതിരേവന്ന കാർ ഇടിച്ചിടുകയായിരുന്നു. ബൈക്കിന് പിന്നിലെ യാത്രക്കാരനായ യൂസഫിനെ അക്രമികൾ വിരട്ടിയോടിച്ചു. നിലത്ത് വീണുകിടന്ന അനസിനെ കാറിലുണ്ടായിരുന്നവർ വാളുകൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ നവാസിന്റെ തലയിലും ദേഹത്തും രണ്ടു കാലുകളിലും ആഴത്തിൽ മുറിവേറ്റിരുന്നു. തൊളിക്കോട് ജംഗ്ഷന് സമീപം ഇ.വി. ഹൗസിൽ നിന്നും തൊളിക്കോട് സത്താറിന്റെ ഫ്ലാറ്റിൽ വാടയ്ക്കക് താമസിക്കുകയായിരുന്നു അനസ്. അനസിന്റെ നിലവിളി കേട്ട് രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തുന്നതിനിടെയാണ് അക്രമികൾ ബോംബെറിഞ്ഞത്. അന്ന് വൈകിട്ടോടെ പാങ്ങോട് സ്റ്റേഷൻ പരിധിയിലെ മുതുവിളയിൽ കാർ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ദേഹമാസകലം വെട്ടേറ്റ അനസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അനസും ബൈക്കിന് പിന്നിലുണ്ടായിരുന്ന യൂസഫും ചേർന്ന് വിതുരയിൽ വച്ച് ഈ കേസിലെ ഒന്നാം പ്രതി ഷാഫിയെ ആക്രമിച്ചിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.ഐ ബി. അനിൽകുമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ഷാഫിയെയും രണ്ട് പ്രതികളെയും കൂടി പിടികൂടാനുണ്ട്. അതുപോലെ സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരെയും കൂടി കിട്ടാനുണ്ട്. പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ വിനോബാ നികേതൻ ഭാഗത്തുനിന്നും ഇവരുടെ ആയുധങ്ങളും കല്ലറ മുതുവിളയിൽ തോട്ടിനകത്ത് ബോംബുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.