തിരുവനന്തപുരം : ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്ക് സർക്കാർ ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കിയില്ലെന്നാരോപിച്ച് കായികമന്ത്രിക്ക് മെഡൽ തിരിച്ചുകൊടുക്കാനായി കായികതാരങ്ങളെത്തി . 2015 ലെ ദേശീയ ഗെയിംസിൽ ഖോ -ഖോ, ആർച്ചറി,സ്വിമ്മിംഗ്,നെറ്റ് ബാൾ , റഗ്ബി, കനോയിംഗ്, കയാക്കിംഗ്, റോവിംഗ് തുടങ്ങിയ മത്സരങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ എൺപതോളം കായികതാരങ്ങളാണ് മെഡലുകളുമായി കായിക മന്ത്രിയെ നേരിട്ടുകണ്ട് പ്രതിഷേധമറിയിക്കാൻ ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയത്. പെൺകുട്ടികളടക്കം വിവിധ ജില്ലകളിൽ നിന്നുള്ള കായിക താരങ്ങൾ സംഘത്തിലുണ്ടായിരുന്നു.രാവിലെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ഇവർ മന്ത്രിയെ കണ്ട് മെഡൽ തിരിച്ചുനൽകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വൈകിട്ട് വരെ കാത്തിരുന്ന ശേഷം മൂന്നോടെ സംഘത്തിൽപ്പെട്ട പത്ത് പേർ മന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതി ഉന്നയിച്ചു .
ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് മെഡൽ നേട്ടം ഉണ്ടാക്കിയവർക്ക് സർക്കാർ ജോലി നൽകുമെന്ന് കഴിഞ്ഞ സർക്കാരാണ് വാഗ്ദാനം നൽകിയിരുന്നത് . ഇതനുസരിച്ച് സ്വർണമെഡൽ നേടിയവർക്ക് സർക്കാർ ജോലിയും വെള്ളി,വെങ്കല മെഡൽ നേടിയവർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുമായിരുന്നു വാഗ്ദാനം. ഇത് നിലവിലെ സർക്കാർ അംഗീകരിക്കുകയും ചെയ്തു. സ്വർണ മെഡൽ നേടിയവർക്ക് സർക്കാർ ജോലി നൽകിയെങ്കിലും വെള്ളി, വെങ്കല മെഡൽ നേടിയവരെ പരിഗണിക്കുന്നില്ലെന്നതാണ് പരാതി . പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് തടസമെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും പ്രൈവറ്റ് സെക്രട്ടറി പറഞ്ഞതായി കായിക താരങ്ങളുടെ കൂട്ടായ്‌മയിൽപ്പെട്ട മനുമോഹൻ പറഞ്ഞു.