തിരുവനന്തപുര: പേട്ട കവറടി ജംഗ്ഷനിൽ ആർ.എസ്.എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കേസിൽ അറസ്റ്റിലായ ഷാരോൺ, ദിനീത് എന്നീ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രി സെല്ലിലേക്ക് മാറ്റി. ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്ന ജനറൽ ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന ആർ.എസ്.എസ് ബസ്‌തി കാര്യവാഹ് നിർമാല്യത്തിൽ ഷാജി (32), മുഖ്യശിക്ഷക് ശ്യാം (25) എന്നിവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി പൊലീസ് അറിയിച്ചു. അക്രമത്തിൽ ഷാജിയുടെ വലതുകൈ തോളിന്റെ ഭാഗത്ത് വച്ച് വെട്ടേറ്റ് വേർപെട്ടു. വയറിൽ കുത്തേറ്റ് കുടൽമാലകൾ പുറത്തുചാടിയ നിലയിലാണ് ശ്യാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശംഭു, വിച്ചുവെന്ന വിഷ്ണു എന്നിവർക്കും പരിക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി 12ഓടെ കവറടി ജംഗ്ഷനിലെ പച്ചക്കറി കടയ്‌ക്ക് സമീപമായിരുന്നു സംഭവം. ഷാജിയുടെയും ശ്യാമിന്റെയും ബൈക്കുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയും തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ദിനീതിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും ആയുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവൽ തുടരുകയാണ്.