നെയ്യാർഡാം: നെയ്യാർ ഡാം ലയൺ സഫാരി പാർക്കിലെ രണ്ടു പെൺ സിംഹങ്ങളിൽ ഒരെണ്ണം ചത്തു. പത്തൊൻപത് വയസുള്ള സിന്ധു എന്ന സിംഹമാണ് ഇന്നലെ ഉച്ചയോടെ ചത്തതെന്നു അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുരേഷ് കുമാർ പറഞ്ഞു. ലയൺ സഫാരി പാർക്കിൽ അവശേഷിക്കുന്നതു ബിന്ദു എന്ന പെൺസിംഹമാണ്.
35 കൊല്ലം മുൻപാണ് ഡാമിൽ ലയൺ സഫാരി പാർക്ക് ആരംഭിച്ചത്. 18ഓളം സിംഹങ്ങൾ ഉണ്ടായിരുന്ന ഇവിടെ രണ്ടു വർഷം മുൻപ് അവസാനമായി ഉണ്ടായിരുന്ന ആൺ സിംഹവും ചത്തിരുന്നു. ശേഷിച്ച ഇരട്ട സിംഹങ്ങളിൽ ഒന്നാണ് ഇപ്പോൾ വാർദ്ധക്യത്താൽ ചത്തത്. കഴിഞ്ഞ കുറേകാലങ്ങളായി സഫാരി പാർക്കിൽ സിംഹങ്ങളെ കാണാൻ എത്തുന്നവർക്ക് അപൂർവമായി മാത്രമേ സിംഹത്തിനെ കാണാൻ കഴിയുമായിരുന്നുള്ളൂ. ഗുജറാത്തിൽ നിന്ന് കൂടുതൽ സിംഹങ്ങളെ ഇവിടെ എത്തിക്കാൻ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ അത് പാതിവഴിയിലായ അവസ്ഥയാണ്. ഇതോടെ നെയ്യാർ ഡാം ലയൺ സഫാരി പാർക്ക് വൈകാതെ അടച്ചു പൂട്ടാനുള്ള സാദ്ധ്യതയായി. ഇപ്പോൾ ലയൺ സഫാരി പാർക്കിൽ ബിന്ദുവിനെ കൂടാതെ ചികിത്സയ്ക്കായി എത്തിച്ച കടുവയും ഉണ്ട്. വന്യമൃഗങ്ങളുടെ പുനരധിവാസ കേന്ദ്രം ആക്കാനും നീക്കമുണ്ട്. പാർക്ക് അടച്ചുപൂട്ടിയാൽ സഞ്ചാരികൾക്ക് വലിയ നഷ്ടമാകും.