devaswam-board
devaswam board

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുന:പരിശോധനാ ഹർജികൾ സംബന്ധിച്ച് ദേവസ്വം ബോർഡിൽ ഭിന്നത രൂക്ഷമെന്ന വാർത്തകൾക്കിടെ, താൻ സർക്കാരിനൊപ്പമെന്ന് നിലപാട് മാറ്റി ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ.

റിവ്യൂ ഹർജികളിൽ ബോർഡ് അഭിഭാഷകൻ എന്താണ് പറഞ്ഞത് എന്നതിനെക്കുറിച്ച് ദേവസ്വംബോർഡ് കമ്മിഷണറോട് താൻ വിശദീകരണം ചോദിച്ചെന്ന വാർത്തകൾ തെറ്റാണെന്നും കോടതി നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഒരു ചടങ്ങിൽ പ്രസംഗിക്കവേ പത്മകുമാർ പറഞ്ഞു.

പത്മകുമാറിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഡൽഹിയിൽ പറ‌ഞ്ഞതിനു പിന്നാലെ, ബോർഡ് പ്രസിഡന്റ് രാജിവയ്ക്കില്ലെന്ന മന്ത്രി ഇ.പി.ജയരാജനും വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, ശബരിമല വിഷയത്തിൽ ദേവസ്വംബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ തത്കാലം അവസാനിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് വ്യക്തം. പദ്‌മകുമാറും കമ്മിഷണർ എൻ. വാസുവും ഇന്നലെ ബോർഡ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി വിശദമായി സംസാരിക്കുകയും ചെയ്തു.

ശബരിമല വികസനത്തിന് 739 കോടി അനുവദിച്ച സർക്കാരിനൊപ്പമാണ് ഞാൻ. സുപ്രീംകോടതി വിധിയെ വികാരപരമായി സമീപിക്കില്ല.പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല. കാലാവധി തീരുന്ന നവംബർ വരെ ബോർഡിനകത്തു തന്നെയുണ്ടാവും. തർക്കത്തിലാക്കി ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും വകുപ്പ് മന്ത്രിയുമായി യാതൊരു അഭിപ്രായഭിന്നതയുമില്ലെന്നും പദ്മ‌കുമാർ പറഞ്ഞു.

സർക്കാരിന്റെയും പാർട്ടിയുടെയും ഇടപെടലിനെ തുടർന്ന്, ബോർഡ് പ്രസിഡന്റ് തന്നോട് രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കമ്മിഷണർ എൻ.വാസു പറഞ്ഞു. പ്രസിഡന്റിനെ ഇന്നലെ നേരിൽക്കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കാര്യങ്ങൾ അദ്ദേഹത്തിന് ബോർദ്ധ്യപ്പെട്ടതായാണ് കരുതുന്നതെന്നും കമ്മിഷണർ പറഞ്ഞു. ശബരിമല ശുദ്ധിക്രിയയുമായി ബന്ധപ്പെട്ട് തന്ത്രി നൽകിയ വിശദീകരണം തന്റെ കുറിപ്പോടുകൂടി തിങ്കളാഴ്ച ബോർഡിന് കൈമാറുമെന്നും എൻ. വാസു തുടർന്നു.

പ്രസിഡന്റും കമ്മിഷണറും പരസ്യമായ പോരിൽ നിന്നു പിൻവാങ്ങി, പ്രതികരണം മയപ്പെടുത്തിയെങ്കിലും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുന്നതായാണ് സൂചന. കോടിയേരി ബാലകൃഷ്ണനെ നേരിൽക്കണ്ട് കമ്മിഷണർ തന്റെ അതൃപ്തി തുറന്നുപറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.