തിരുവനന്തപുരം : 'റഗ്ബി " നിവ്യ ഗൗതമിന് ഒരു കളിമാത്രമല്ല, ജീവിതവുമാണ്. പക്ഷേ ദേശീയ ഗെയിംസിലുൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടും അധികാരികൾ കണ്ണ് തുറക്കാതെ വന്നതോടെയാണ് ദേശീയ ഗെയിംസിലെ മെഡലുകൾ തിരികെ നൽകാൻ രണ്ടുകുഞ്ഞുങ്ങളുമായി കഴിഞ്ഞദിവസം കായികമന്ത്രിയെ കാണാനെത്തിയത് .
ദേശീയ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയവർക്ക് ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കിയില്ലെന്നാരോപിച്ച് സെക്രട്ടേരിയറ്റിന് മുന്നിലെത്തിയ കായിക താരങ്ങൾക്കൊപ്പമാണ് രണ്ടു മക്കളെയും കൂട്ടി നിവ്യയും എത്തിയത് . ജോലികിട്ടിയാൽ പാതിയിലായ വീടുപണി പൂർത്തിയാക്കണം. ഇതിനായി ആകെയുള്ള നാലുസെന്റ് ഭൂമി പണയപ്പെടുത്തിയെടുത്ത ലോൺ അടച്ചു തീർക്കണം, മക്കളായ ദർഷിദ് ,ആർഷിദ് എന്നിവരെ പഠിപ്പിക്കണം ...അങ്ങനെ ചെറിയ മോഹങ്ങൾ മാത്രം.
റഗ്ബി കായിക വേദിയിൽ പരിചയപ്പെട്ട മലയം സ്വദേശി ഷൈജുവാണ് നിവ്യയെ വിവാഹം കഴിച്ചത്. താത്കാലിക ജോലിയുള്ള ഷൈജുവിന്റെ തുച്ഛമായ വരുമാനമാണ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ നിവ്യക്ക് സഹായമാകുന്നത് . 2015 ൽ വനിതാ വിഭാഗം റഗ്ബിയെ സംസ്ഥാന കായിക വകുപ്പ് അംഗീകരിച്ച ശേഷം ആദ്യമായി പങ്കെടുത്ത ഗെയിംസിൽ നിവ്യ അടങ്ങുന്ന 12 അംഗ ടീമിന് വെങ്കല മെഡൽ ലഭിച്ചു. സർക്കാർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് നിവ്യയും സംഘത്തിലുള്ള മറ്റു താരങ്ങളും