യൂ ട്യൂബിൽ നിരവധി യുവ ആരാധകരെ നേടിയെടുത്ത സംഗീതശ്രേണിയാണ് കവർവേർഷനുകൾ. പഴമയുടെ ചാരുത ഒട്ടും ചോർന്ന് പോകാതെ ഈണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി പഴയ ഗാനങ്ങളെ പുതുമയുടെ കൂട്ടുകാരാക്കി മാറ്റുകയാണ് കവർവേർഷനുകൾ. അത്തരത്തിൽ യൂ ട്യൂബ് ഹിറ്റ്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് കാഞ്ചന ശ്രീറാമെന്ന കൊച്ചുമിടുക്കിയുടെ കണ്ണമ്മ എന്ന കവർവേർഷൻ. റെക്ക എന്ന തമിഴ് സിനിമയിലെ കണ്ണമ്മയെന്ന പാട്ടിന്റെ പുതുപതിപ്പ് യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌ത് മണിക്കൂറുകൾക്കകം കിട്ടിയത് ആയിരക്കണക്കിന് ലൈക്കുകളാണ്. കൂടാതെ സാധാരണക്കാരുടേയും സംഗീതലോകത്തെ പ്രതിഭകളുടേയും അഭിനന്ദന പ്രവാഹവും.
'കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ പാട്ടും മൂളി വന്നോ...’ എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാള ചലച്ചിത്ര ഗാനപ്രേമികൾ മനസിൽ കുടിയിരുത്തിയ പിന്നണി ഗായകൻ ജി.ശ്രീറാമിന്റേയും രജനിയുടേയും മകളാണ് കാഞ്ചന. സംഗീതത്തിന്റെ പുതുവഴികളിലൂടെയാണ് കാഞ്ചന പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതെങ്കിലും കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുമാണ് സ്ഥിരമായൊരു ഇരിപ്പിടം തേടുന്നത്. സംഗീത കുടുംബമായതിനാൽ അഞ്ചാം വയസിൽ തന്നെ കാഞ്ചന സംഗീതത്തിന്റെ നറുമാധുര്യം നുണഞ്ഞു. അച്ഛന്റെ അമ്മയും മലയാളചലച്ചിത്രരംഗത്തെ ആദ്യകാലഗായികമാരിൽ പ്രമുഖയുമായ കർണാടക സംഗീതജ്ഞ ലളിതാ ഗോപാലൻ നായരിൽ നിന്നായിരുന്നു ആദ്യപാഠങ്ങൾ. കാഞ്ചനയുടെ അപ്പൂപ്പനും പ്രസിദ്ധ സംഗീത വിദ്വാനുമായ ചേർത്തല ഗോപാലൻ നായർ കുഞ്ഞുകാഞ്ചനയുടെ സംഗീത പഠനങ്ങൾക്ക് കൂടുതൽ കരുത്തേകി. ശേഷം പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, പാൽകുളങ്ങര അംബികാദേവി തുടങ്ങി പലരിൽ നിന്നും കർണാടക സംഗീതം അഭ്യസിച്ച കാഞ്ചന ഇപ്പോൾ ഗായിക ബി. അരുന്ധതിയുടെ ശിഷ്യയാണ്. അഭ്രദിതാ ബാനർജിയിൽ നിന്ന് എട്ട് വർഷമായി ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നുണ്ട്.
പത്ത് വയസുള്ളപ്പോൾ ചിത്രക്കുഴൽ എന്ന കുട്ടികളുടെ ചിത്രത്തിലാണ് ആദ്യമായി പാടിയത്. വോയിസ് ടെസ്റ്റിനെന്ന് പറഞ്ഞാണ് പാടിയതെങ്കിലും സിനിമ റിലീസായപ്പോഴാണ് തന്റെ ഗാനമാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് അറിഞ്ഞതെന്ന് കാഞ്ചന പറയുന്നു. ശേഷം ജോൺപോൾ ജോൺ സംവിധാനം ചെയ്‌ത ചിത്രത്തിൽ സംഗീത സംവിധായകൻ വിഷ്ണു വിജയ്‌ക്കായി ഒരു ഗാനവും കവിയുടെ ഒസ്യത്ത് എന്ന ചിത്രത്തിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
അച്ഛനോടൊപ്പം സ്റ്റേജ് ഷോകളിലും കാഞ്ചന നിറസാന്നിദ്ധ്യമാണ്. സ്കൂൾ കലോത്സവത്തിലും സർവകലാശാല കലോത്സവത്തിലും കാഞ്ചന പ്രതിഭ തെളിയിച്ചു. ഗസൽ, ലളിതഗാനം, നാടൻ പാട്ട് എന്നിവയിലെല്ലാം വെന്നിക്കൊടി പാറിച്ചു കൊണ്ടേയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനം കേന്ദ്രീയ വിദ്യാലത്തിലായിരുന്നു. സംഗീതത്തിൽ വഴുതക്കാട് വിമൻസ് കോളേജിൽ നിന്ന് ഒന്നാംറാങ്കോടെ ബിരുദം പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ എം.എ. സംഗീത വിദ്യാർത്ഥിനിയാണ്. അച്ഛനും അമ്മയ്‌ക്കുമൊപ്പം തിരുമലയിലെ വീട്ടിലാണ് കാഞ്ചന താമസിക്കുന്നത്. തുടർ പഠനത്തോടൊപ്പം സംഗീതത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തണമെന്നും സംഗീത വിദ്വാനായ അപ്പൂപ്പൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളെ പൊടിതട്ടിയെടുത്ത് പുതിയ തലത്തിൽ പ്രസിദ്ധപ്പെടുത്തണമെന്നാണ് കാഞ്ചനയുടെ ആഗ്രഹം.