തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ഏകോപനത്തിനുള്ള നോഡൽ ഓഫീസറായി പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്‌ണന്റെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു. ജില്ലകളിൽ സീനിയർ അഡിഷണൽ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ തുടങ്ങും. ഇലക്ഷൻ കമ്മിഷൻ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ തലങ്ങളിലും കൈമാറും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം നിർവഹിക്കുക, പ്രശ്‌നബാധിത ബൂത്തുകൾ ജില്ലാ കളക്ടർമാരുമായി ആലോചിച്ചു നേരത്തെ കണ്ടെത്തുക, ഇവിടെ പൊലീസ് ക്രമീകരണം ഏർപ്പെടുത്തുക, തിരഞ്ഞെടുപ്പു ദിവസവും വോട്ടെണ്ണൽ ദിവസങ്ങളിലും ആവശ്യമായ പൊലീസ് ക്രമീകരണം ഒരുക്കുക, ഇതര സംസ്ഥാനങ്ങളിൽ എത്തുന്ന പൊലീസുകാരെ വിന്യസിക്കുക എന്നിവയാണ് പ്രത്യേക സെല്ലിന്റെ ചുമതല. പോളിംഗ് ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം പൊലീസ് ആസ്ഥാനത്തു നിരീക്ഷിക്കുന്നതും പ്രത്യേക സെല്ലാണ്. എക്‌സൈസ് - വനം വകുപ്പുകളുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികളും സ്വീകരിക്കും. 61,000 പോലീസുകാരെ കൂടാതെ വിമുക്തഭടൻമാർ അടക്കമുള്ള സിവിലിയൻമാരുടെ സഹായവും തേടും.തിരഞ്ഞെടുപ്പു സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ ആദ്യയോഗം 23ന് ഊട്ടിയിൽ നടക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ യോഗത്തിൽ പങ്കെടുക്കും. തമിഴ്‌നാട് ഡിജിപിയാണ് അദ്ധ്യക്ഷൻ.