തിരുവനന്തപുരം: യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വ്യാജരേഖ ചമച്ചെന്ന ജെയിംസ് മാത്യു എം.എൽ.എയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗരുഡിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാജരേഖ ചമച്ച കത്ത് അടക്കമുള്ള വിവരങ്ങൾ കൈമാറാൻ ജെയിംസ് മാത്യുവിനോടു പൊലീസ് നിർദേശിച്ചു. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ ബന്ധു ഡി.എസ്. നീലകണ്ഠനെ ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിനെതിരെ ജെയിംസ് മാത്യു എഴുതിയെന്ന പേരിലുള്ള കത്ത് പി.കെ. ഫിറോസ് പുറത്തുവിട്ടിരുന്നു. ഇത് വ്യാജമാണെന്ന് കാട്ടി ജെയിംസ് മാത്യു മുഖ്യമന്ത്റിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.
ജയിംസ് മാത്യു തനിക്കു തന്ന കത്തല്ല ഫിറോസ് പുത്തുവിട്ടതെന്ന് മന്ത്റി എ.സി മൊയ്തീനും അറിയിച്ചു. സ്ഥാപനത്തിലെ യൂണിയൻ നേതാവായ ജയിംസ് മാത്യു ജീവനക്കാരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശ മന്ത്റിക്ക് കത്ത് നൽകിയിരുന്നു. ഇതിൽ ടെക്‌നിക്കൽ ആർക്കിടെക്ചറൽ തസ്തികയിൽ എന്നതിനു പകരം ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ എന്ന് ചേർത്തെന്നാണു പരാതി.