vilappilsala

മലയിൻകീഴ്: വിളപ്പിൽ പഞ്ചായത്തു റോഡിൽ മതിൽ കെട്ടുന്നത് തടയാൻ ശ്രമിച്ച യുവതിക്കും
സഹോദരനും മർദ്ദനമെന്ന് പരാതി. വിളപ്പിൽശാല വടക്കേ ജംഗ്ഷൻ കൈയെത്തുകോണം മണികണ്ഠ ഭവനിൽ സ്‌മിത (36), സഹോദരൻ സുമേഷ് (32) എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വടക്കേ ജംഗ്ഷൻ വിളയിൽ ഷാജി ഭവനിൽ കളക്ടറേറ്റ് ജീവനക്കാരൻ ഷാജി ലാൽ, സഹോദരൻ ദിലീപ് എന്നിവർക്കെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തു. വടക്കേ ജംഗ്ഷനിൽ നിന്ന് വിളയിൽ ദേവീക്ഷേത്രത്തിലേക്ക് എത്തുന്ന മൂന്നു മീറ്റർ വീതിയുള്ള റോഡ് കൈയേറി മതിൽ കെട്ടാൻ ശ്രമിച്ചെന്നാണ് ആരോപണം. ഈ റോഡിന് സമീപം സ്‌മിത പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രശേനം ഞായറാഴ്ചയാണ്. ഈ വീടിന് സമീപം ഷാജി ലാലിന് വസ്‌തുവുണ്ട്. ഷാജി ലാലും സഹോദരനും ജോലിക്കാരെയും കുട്ടിയെത്തി സ്‌മിതയുടെ വീട്ടിലേക്കുള്ള വഴിയടച്ച് മതിൽ കെട്ടാൻ തുടങ്ങിയത് സ്‌മിത വിലക്കി. പ്രകോപിതരായ ഷാജി ലാലും ദിലീപും തലമുടിയിൽ ചുറ്റിപ്പിടിച്ച് മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടിയെന്നുമാണ് സ്‌മിത പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. സ്‌മിതയെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ സഹോദരനും മർദ്ദനമേറ്റു. ഇരുവരും വിളപ്പിൽശാല ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.