r

തിരുവനന്തപുരം : സിറ്റി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ കച്ചവടക്കാർക്ക് നൽകാനായി കൊണ്ടുവന്ന 80 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പിടിയിലായതായി സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മധുര ഉസലാംപെട്ടി കനംപിള്ള തെരുവിൽ വൈരമുത്തു (27), മധുര കൃഷ്ണനഗർ തണ്ടുകാൻ കുളം സ്വദേശി മലൈ ചാമി (42) എന്നിവരാണ് വാഹന പരിശോധനയ്‌ക്കിടെ നേമം പള്ളിച്ചൽ ഭാഗത്തുവച്ച് പിടിയിലായത്. നാല്പത് പൊതികളിലായി സൂക്ഷിച്ച കഞ്ചാവിന് വിപണിയിൽ ഇരുപതു ലക്ഷത്തോളം രൂപ വില വരും. ആന്ധ്രയിൽ നിന്നു തമിഴ്നാട് വഴിയാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തിരുവനന്തപുരത്തു നിന്ന് ഈ വർഷം പിടികൂടിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് കമ്മിഷണർ പറഞ്ഞു. സിറ്റി പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി പിടികൂടിയ മയക്കുമരുന്ന് വില്പനക്കാരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊത്ത വില്പനക്കാരെ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നിരീക്ഷണം നടത്തുകയും ഇവരുടെ നീക്കങ്ങൾ പിന്തുടർന്നുമാണ് കഞ്ചാവ് വേട്ട നടത്തിയത്. തലസ്ഥാനത്തെ ചെറുകിട കച്ചവടക്കാർക്ക് നൽകാനാണ് കാർ മാർഗം കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. കമ്മിഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഡി.സി.പി ആദിത്യ, കൺട്രോൾ റൂം അസി. കമ്മിഷണർ സുരേഷ് കുമാർ, നേമം സി.ഐ പ്രദീപ്, എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.