seriel-actor

കൊച്ചി : മുദ്രാ ലോൺ ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ സീരിയൽ നടനെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ പഴയങ്ങാടി പാലിയൂർ വീട്ടിൽ വിജോ പി ജോൺസനാണ് (33) അഴിക്കുള്ളിലായത്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ഇയാൾ.

യുവതിയിൽ നിന്ന് 10,50,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്. വിജോയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു.

ഇന്നലെ മൂവാറ്റുപുഴ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങളിലുൾപ്പെടെ ചെറിയ വേഷങ്ങൾ ചെയ്ത പ്രതി സിനിമാ സെറ്റിൽവച്ചുള്ള സൗഹൃദം മറയാക്കിയാണ് തട്ടിപ്പു നടത്തിയത്. വീട് വളഞ്ഞപ്പോൾ ടെറസിൽനിന്നും ഊർന്നിറങ്ങി മതിൽചാടി ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തട്ടിപ്പുകേസുകൾ അന്വേഷിക്കുന്നതിന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ ബിജുമോൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ സി.ഐ സി ജയകുമാർ, എസ്.ഐ. സി എസ് ഷാരോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

സമാന കേസുകളിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ച വിജോ തൃശൂർ പേരാമംഗലം സ്റ്റേഷനിൽ മൂന്ന് തട്ടിപ്പുകേസുകളിലും ഭൂമി ഇടപാടിൽ അഞ്ചുലക്ഷം രൂപ തട്ടിപ്പുനടത്തിയ കേസിലും പ്രതിയാണ്. പകൽസമയങ്ങളിൽ ആഡംബര കാറുകളിൽ കറങ്ങി തട്ടിപ്പ് ആസൂത്രണം ചെയ്യുകയും രാത്രി വൈകിയെത്തി വീടിന്റെ ടെറസിൽ കിടന്നുറങ്ങുകയുമാണ് പതിവ്. അന്വേഷണസംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ എം.എം ഷമീർ, കെ.കെ അനിൽ, സിവിൽ പൊലീസ് ഓഫീസർ ജിംമോൻ ജോർജ് എന്നിവരുമുണ്ടായി.