-two-died-in-elephant-att

തളിപ്പറമ്പ്: ആത്മ സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് എത്തി ആനയുടെ ചവിട്ടേറ്റ് മരിച്ച തളിപ്പറമ്പ് പാലകുളങ്ങര സ്വദേശി നാരായണന്റെ വേർപാട് നാടിന്റെ ദു:ഖമായി. ഖത്തറിൽ അൽ സദ് എക്‌സ്‌ചേഞ്ച് ജനറൽ മാനേജറായി ജോലി നോക്കുന്ന നാരായണനാണ് ഇതേ സ്ഥലത്ത് ജോലി ചെയ്യുന്ന ആത്മ സുഹൃത്ത് ആയ കോട്ടപ്പടിയിലെ മുള്ളഞ്ഞു ഷൈജുവിന്റെ ഗൃഹപ്രവേശനത്തിന് വ്യാഴാഴ്ച രാത്രി 11 ഓടെ എത്തിയത്. ഗൃഹപ്രവേശന ദിവസം സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നു.

വീടിനു മുന്നിൽ നെറ്റിപ്പട്ടം കെട്ടി നിർത്തിയ ആന പടക്കം പൊട്ടുന്നത് കേട്ട് ഭയന്ന് നാരായണനും സുഹൃത്തും നിൽക്കുന്ന ഭാഗത്തേയ്ക്ക് വരികയും ചവിട്ടേറ്റ് മരിക്കുകയും ചെയ്യുകയായിരുന്നു.
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സി.പി.എം ശക്തി കേന്ദ്രമായ ആന്തൂർ കോറലായി

പ്രദേശത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് നാരായണൻ നടത്തിയിരുന്ന സ്റ്റീൽ ഇന്റസ്ട്രിയൽ രാഷ്ടീയ പ്രവർത്തനത്തിന്റെ പേരിൽ ഒരു സംഘം പൂട്ടിക്കുകയും അവിടെ നിന്ന് മാറി താമസിക്കുകയും ചെയ്യേണ്ടി വന്നിരുന്നു. കുറേകാലം തളിപ്പറമ്പ് കോൺഗ്രസ് ഓഫീസിൽ താമസിച്ച് പ്രവർത്തനം നടത്തുകയും തളിപ്പറമ്പിലെ സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നോക്കുകയും ചെയ്ത നാരായണൻ ഖത്തറിൽ പോയി ബസ് സർവീസ് ആരംഭിച്ചെങ്കിലും നഷ്ടത്തിലായി. തുടർന്ന് വീണ്ടും ഖത്തറിൽ പോയതായിരുന്നു.

നിരവധി ആളുകളെ വിദേശത്ത് കൊണ്ടുപോയി ജോലി തരപ്പെടുത്തി സഹായിക്കുകയും ചെയ്തിട്ടുണ്ട്. നാൽപതിലേറെ വർഷമായി വിദേശത്താണ്. ബേബി നിഷയാണ് ഭാര്യ. മക്കൾ ഡോ.നീനു (ഗവ.ഹോസ്പിറ്റൽ കണ്ണൂർ), റീനു. മരുമകൻ ഡോ.വിശാൽ (ഗവ.ഹോസ്പിറ്റൽ കണ്ണൂർ). സഹോദരങ്ങൾ ജാനകി, ശാരദ, കമലാക്ഷി, സുരേന്ദ്രൻ, രമേശൻ, ലക്ഷ്മണൻ, പരേതനായ മുകുന്ദൻ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന്.

ആനയുടെ ചവിട്ടേറ്റ് കോഴിക്കോട് സ്വദേശി അറയ്ക്കൽ ഗംഗാധരനും (മുരുകൻ 60) മരിച്ചു. എട്ടുപേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.