v

കടയ്ക്കാവൂർ: നിരവധി റോഡുകൾ വന്നുചേരുന്ന മണനാക്ക് ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. ആറ്റിങ്ങലിൽ നിന്ന് കൊല്ലമ്പുഴ വഴി വരുന്ന റോഡ്, കടയ്ക്കാവൂർ, വക്കം ഭാഗത്ത് നിന്നും വരുന്ന റോഡ്, ആലംകോട് നിന്നും വരുന്ന റോഡ്, കായൽ ഭാഗത്തു നിന്നും വരുന്ന റോഡ്, വർക്കല കവലയൂർ ഭാഗത്തുനിന്നും വരുന്ന റോഡ് എന്നിവ സന്ധിക്കുന്ന ഇടുങ്ങിയ ജംഗ്ഷനാണ് മണനാക്ക്. കടയ്ക്കാവൂർ, വക്കം പ്രദേശങ്ങളിൽ നിന്നും കൊല്ലമ്പുഴ വഴി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട ബസുകളും മറ്റും മണനാക്ക് ജംഗ്ഷനിൽ റോഡിന് നടുക്ക് നിറുത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായിട്ടും റോഡിന്റെ മദ്ധ്യത്ത് നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് തടയാൻ അധികൃതർക്ക് കഴിയുന്നില്ല. കടയ്ക്കാവൂർ നിന്നും വരുന്ന റോഡ് മണനാക്ക് ജംഗ്ഷനിലെ കൊടുംവളവ് തിരിഞ്ഞാണ് ആറ്റിങ്ങലിലേക്ക് പോകേണ്ടത്. കയറ്റിറക്കമുളള ഇൗ റോഡിൽ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്തതിനാൽ അപകടങ്ങൾ പതിവാണ്. ഇവിടെ ഒ‌രു സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. തിരക്കേറിയ സമയമായ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 6 വരെയും ഇവിടെ പൊലീസിന്റെ സേവനം ഉറപ്പ് വരുത്തണമെന്ന ജനങ്ങളുടെ ആവശ്യവും അധികൃതർ ചെവികൊണ്ടിട്ടില്ല. ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലങ്ങൾ ഈ ജംഗ്ഷനിലാണ് സന്ധിക്കുന്നത്. കൂടാതെ കടയ്ക്കാവൂർ, വക്കം, മണമ്പൂർ പഞ്ചായത്തുകളുടെ അതിർത്തിയാണ് മണനാക്ക് ജംഗ്ഷൻ. ഈ കാരണത്താൽ ജനപ്രതിനിധികളുടെ ശ്രദ്ധ ആവശ്യത്തിന് കിട്ടുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.