ബാലരാമപുരം: ബാങ്കിൽ നിന്ന് എടുത്ത 80,000 രൂപ ബാലരാമപുരം സഖാവ് ഹോട്ടലിൽ മറന്നുവച്ച കട്ടച്ചൽക്കുഴി ചാവടിനട ത്രിവേണി ഹൗസിൽ ജയചന്ദ്രൻ കരുതിയില്ല ഈ പണം തിരികെ കിട്ടുമെന്ന്. എന്നാൽ കടയുടമയുടെ സത്യസന്ധതയും ജനമൈത്രി പൊലീസിന്റെ അന്വേഷണവും ഒത്തൊരുമിച്ചതോടെ നഷ്ടമായെന്ന് വിചാരിച്ച പണം ജയചന്ദ്രന് തിരികെ ലഭിക്കുകയായിരുന്നു. പാലിയോട് പി.ആർ.എസ് എൻജിനിയറിംഗ് കോളേജിൽ രണ്ടാംവർഷ വിദ്യാർത്ഥിയായ മകൻ ജ്യോതിഷ് കുമാറിന് ഫീസടയ്ക്കുന്നതിലേക്കായി കഴിഞ്ഞ ദിവസം രാവിലെ ബാലരാമപുരം എസ്.ബി.ഐ ശാഖ വഴി 90,000 രൂപ ജയചന്ദ്രൻ പിൻവലിച്ചിരുന്നു. പതിനായിരം രൂപ മറ്റ് കാര്യങ്ങൾക്കായി ചെലവായി. പണവുമായി മടങ്ങുംവഴി ബാലരാമപുരം ജംഗ്ഷനിൽ സഖാവ് ഹോട്ടലിൽ ചായകുടിക്കാൻ കയറിയെങ്കിലും പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 80,000 രൂപ ജയചന്ദ്രൻ വച്ചു മറന്നു. അല്പനേരം കഴിഞ്ഞപ്പോഴാണ് ഹോട്ടലിലെ തീൻമേശയിൽ ആരോ മറുന്നുവച്ച പൊതിയിരിക്കുന്നത് ഹോട്ടൽ ഉടമ ചന്തുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. പണത്തിന്റെ ഉടമ വരുമെന്ന് പ്രതീക്ഷിച്ച് കുറച്ച് നേരം നോക്കിയെങ്കിലും ആരും വരാത്തതിനാൽ പണം പിൻവലിച്ചതിന്റെ രസീതും പണവുമുൾപ്പെടെ ഹോട്ടൽ ഉടമ ബാലരാമപുരം എസ്.ഐ സുജിത്തിനെ ഏല്പിക്കുകയായിരുന്നു. ബാങ്ക് രസീതിൽ നിന്ന് കട്ടച്ചൽക്കുഴി സ്വദേശി ജയചന്ദ്രന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടു. തുടർന്ന് കട്ടച്ചൽക്കുഴി നേതാജി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.വി. ഉദയന്റെ വീട്ടിലെത്തി വിലാസം മനസിലാക്കി പൊലീസ് ജയചന്ദ്രന്റെ വീട്ടിലെത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ വീട്ടിൽ ദുഃഖിച്ചിരിക്കുകയായിരുന്നു ജയചന്ദ്രൻ. മറന്നുവച്ചത് തന്റെ പണമാണെന്ന് പൊലീസിനെ അറിയിക്കുകയും രാത്രി 7.15 ഓടെ ഭാര്യ ജലജകുമാരി, മകൻ ജ്യോതിഷ് ചന്ദ്രൻ എന്നിവരോടൊപ്പം സ്റ്റേഷനിലെത്തി എസ്.ഐ സുജിത്തിന്റെയും സി.പി.ഒ സെലിൻരാജിന്റെയും സാന്നിദ്ധ്യത്തിൽ പണം കൈപ്പറ്റുകയുമായിരുന്നു. പണം തിരികെ നൽകാൻ സന്മനസ് കാണിക്കുകയും അതിന് വഴിയൊരുക്കുകയും ചെയ്ത സഖാവ് ഹോട്ടൽ ഉടമ ചന്തുവിനും എസ്.ഐ സുജിത്തിനും നേതാജി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.വി. ഉദയനും ജയചന്ദ്രൻ നന്ദി പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ചന്തുവിന്റെ സഖാവ് ഹോട്ടൽ.