ചിറയിൻകീഴ്: പുതുക്കരി മുക്കാലുവട്ടം ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ മകര ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര ശ്രദ്ധേയമായി. കേരളത്തിന് പുറമേ തമിഴ്നാട് കർണ്ണാടകം, എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറുക്കണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ഘോഷയാത്രയിലെ ഉത്സവ ഫ്ളോട്ടുകളും മുത്തുക്കുടയും ബാലിക ബാലന്മാരുടെ താലപ്പൊലിയും, ഡിജിറ്റൽ കെട്ടുകാഴ്ചയുമെല്ലാം ഘോഷയാത്ര കാണാൻ എത്തിയവരുടെ മനം കവർന്നു. ക്ഷേത്ര സന്നിധിയിൽ നിന്ന് ഉച്ചതിരിഞ്ഞ് ആരംഭിച്ച ഘോഷയാത്ര പണ്ടകശാല, ബസ് സ്റ്റാൻഡ്, വലിയകട ജംഗ്ഷൻ,ശാർക്കര ക്ഷേത്രം ചുറ്റി രാത്രിയോടെ തിരിച്ച് ക്ഷേത്രത്തിലെത്തി.പുതുക്കരി ക്ഷേത്രത്തിലെ ഘോഷയാത്ര കാണാൻ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഘോഷയാത്ര കടന്ന് പോകുന്ന വീഥികളിലും ക്ഷേത്രത്തിലും ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ച് എത്തിയിരുന്നു.ക്ഷേത്രത്തിൽ രാവിലെ നടന്ന സമൂഹ പൊങ്കാലയിൽ നൂറുക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.രാവിലെ 8.30ന് ക്ഷേത്ര മേൽശാന്തി ബിജു പോറ്റി പണ്ടാര അടുപ്പിൽ ദീപം പകർന്നതോടെയാണ് സമൂഹ പൊങ്കാലയ്ക്ക് തുടക്കം കുറിച്ചത്. പത്തേമുക്കാലിന് പൊങ്കാല നിവേദ്യം നടത്തി. രാവിലെ തന്നെ ക്ഷേത്ര പരിസരവും സമീപത്തെ ഇടറോഡിലും പൊങ്കാല ഭക്തരെക്കൊണ്ട് നിറയുകയായിരുന്നു. ഇന്ന് പുലർച്ചെ തൃക്കൊടിയിറക്കിയതോടെ പത്ത് ദിവസം നീണ്ട് നിന്ന ഉത്സവത്തിന് സമാപനമായി.