ജീമോൾ
റേറ്റിംഗുകൾ തിരുത്തിക്കുറിച്ച് ഓരോ ടെലിവിഷൻ പരമ്പരകളും കുതിക്കുമ്പോൾ കുടുംബസദസുകളിൽ ആരാധകരെ നേടുന്നത് താരങ്ങളാണ്. വാർത്തയിൽ ഇടവും അവർക്കു തന്നെ. എന്നാൽ ഏറ്റവും ശ്രമകരമായ ജോലിയുമായി പിന്നണിയിൽ അഹോരാത്രം പ്രവർത്തിക്കുന്ന പ്രതിഭകളെ ആരും തിരിച്ചറിയാറില്ല. സൗണ്ട് റെക്കാഡിംഗ് രംഗത്ത് അപൂർവാണ് സ്‌ത്രീസാന്നിദ്ധ്യം. എന്നിട്ടും മേഖല ഇതായിപ്പോയതു കൊണ്ടാവാം ജീമോൾ എന്ന പ്രതിഭയും പലർക്കും അപരിചിതയാണ്. 17 വർഷത്തിലധികമായി സൗണ്ട് റെക്കാഡിംഗ് മേഖലയിൽ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് നിലകൊള്ളുന്ന ജീമോൾ.
എറണാകുളം ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശിനിയായ ജീമോൾ വളരെ യാദൃശ്ചികമായാണ് സൗണ്ട് റെക്കാഡിംഗ് രംഗത്ത് എത്തിപ്പെടുന്നത്. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലും സുഹൃത്തായ മല്ലികാ ശ്രീകുമാറും തിരുവനന്തപുരത്ത് ആരംഭിച്ച 'പാലിക' സ്‌റ്റുഡിയോയുടെ ചുമതലക്കാരി എന്ന നിലയ്‌ക്കാണ് ജീമോൾ തിരുവനന്തപുരത്തേയ്‌ക്ക് എത്തിയത്. ജ്യേഷ്‌ഠൻ നെൽസൺ പത്മജയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്നു. ഈ ബന്ധമാണ് ജീമോളെ പാലികയിൽ എത്തിച്ചത്.
ശബ്‌ദലേഖന മേഖലയോടുള്ള താത്‌പര്യം കണ്ട് പത്മജയും മല്ലികയും ചേർന്നാണ് തന്നെ സൗണ്ട് റെക്കാഡിംഗ് പഠിപ്പിക്കാൻ അയച്ചതെന്ന് ജീമോൾ ഓർക്കുന്നു. തുടർന്ന് വിജയകൃഷ്‌ണൻ സംവിധാനം ചെയ്‌ത 'അഗ്നികിരീടം' എന്ന സീരിയലിലൂടെ ശബ്‌ദലേഖന രംഗത്തേക്ക് ചുവടുവച്ചു. പത്മജയുടെ തന്നെ നിർമ്മാണ സംരംഭത്തിൽ ഇറങ്ങിയ 'കിളിക്കൂടി'ലൂടെയാണ് ജീമോൾ സ്വതന്ത്ര സൗണ്ട് റെക്കാഡിസ്‌റ്റായി മാറുന്നത്. തുടർന്ന് 'സ്ത്രീ ഒരു സാന്ത്വനം', 'കാവ്യാഞ്ജലി', പവിത്രബന്ധം, കല്യാണി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ ശബ്‌ദവിന്യാസങ്ങൾ നിയന്ത്രിച്ചത് ജീമോൾ എന്ന സ്ത്രീ സാന്നിദ്ധ്യമായിരുന്നെന്ന് എത്രപേർക്കറിയാം.
സീരിയലുകൾ കൂടാതെ ധാരാളം പരസ്യചിത്രങ്ങളുടെ ശബ്‌ദലേഖനവും ജീമോൾ നിർവഹിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഏറെ അവസരങ്ങളുള്ള മേഖലയാണ് സൗണ്ട് റെക്കാഡിംഗ് എന്ന് ജീമോൾ പറയുന്നു. 'എന്നാൽ പുതിയൊരു തൊഴിലിടം എന്ന രീതിയിൽ ഇതിനെ സമീപിക്കരുത്. ഒമ്പതു മണിക്ക് തുടങ്ങി അഞ്ച് മണിക്ക് അവസാനിക്കുന്ന ഓഫീസ് സാഹചര്യമല്ല ഇവിടുള്ളത്. ചിലപ്പോൾ രാത്രി ഏറെ വൈകിയും റെക്കാഡിംഗുകൾ ഉണ്ടായെന്നു വരാം. അപ്പോഴെല്ലാം കുടുംബത്തിന്റെ പിന്തുണ വളരെ ആവശ്യമാണ്. അമ്മയുടെയും ജ്യേഷ്‌ഠന്റെയും പിന്തുണയാണ് എന്നെ ഈ മേഖലയിൽ ഉറച്ചു നിൽക്കാൻ പ്രാപ്‌തയാക്കിയത്. ശബ്‌ദലേഖനം എന്നുപറയുന്നത് ഒരു കലയാണ്. അർപ്പണമനോഭാവത്തോടു കൂടി അതിനെ സമീപിക്കുന്ന ഏതൊരു സ്ത്രീക്കും മികച്ച ഒരു തൊഴിലിടം തന്നെയാണ് സൗണ്ട് റെക്കാഡിംഗ് - ജീമോൾ പറയുന്നു.
ശബ്‌ദലേഖന രംഗം പുരുഷന്മാരുടെ കുത്തകയായിട്ടും തുടക്കകാലത്തെ അതേ താത്പര്യത്തോടെ ഇന്നും ഈ രംഗത്ത് പ്രവർത്തിക്കാൻ സാധിക്കുന്നത് ശബ്‌ദമിശ്രണം ജീവിതത്തിന്റെ ഭാഗമായി കാണുന്നത് കൊണ്ടാണെന്ന് ജീമോൾ പറയുന്നു.
ശബ്‌ദലേഖനത്തിന് പുറമെ ഡബ്ബിംഗിലും മികവ് തെളിയിച്ച ജീമോൾ നല്ലൊരു ഡബ്ബിംഗ് കലാകാരികൂടിയാണ്. അമ്മയുടെ തണലിൽ വളർന്ന മകൾ അന്നാ മരിയയും നാലു വയസ് മുതൽ ഡബ്ബിംഗ് രംഗത്തെ സാന്നിദ്ധ്യമാണ്. ജേർണലിസം വിദ്യാർത്ഥിനിയാണ് അന്ന.
തിരുവനന്തപുരത്തെ ഡബ്ബിംഗ് സ്‌റ്റുഡിയോയിലെ റെക്കാഡിംഗ് സ്യൂട്ടിൽ തന്റെ ജോലിയിൽ വ്യാപൃതയാകുമ്പോഴും ജീമോൾക്ക് ഒന്നേ പറയാനുള്ളു- 'ശബ്‌ദം, തന്നെയാണ് എന്റെ ജീവിതം.