ശ്രീനാരായണ സന്ദേശങ്ങൾ ഏറ്റവും പ്രസക്തമായ ഈ കാലത്ത്, അദ്ദേഹത്തിന്റെ തത്ത്വചിന്തകളും ഉപദേശങ്ങളും അനുഭവിച്ചറിഞ്ഞിട്ടുള്ള ശിഷ്യരും സന്യാസി ശ്രേഷ്ഠന്മാരുമൊക്കെ അവ പുതിയ തലമുറയെ മനസ്സിലാക്കിക്കൊടുക്കുന്നതിൽ വളരെയധികം താത്പര്യം കാണിക്കുന്നുണ്ട്.
ഗുരുദേവന്റെ സന്ദേശങ്ങൾ, യാത്രകൾ, അനുഷ്ഠാനങ്ങൾ എന്നിവ അടുക്കും ചിട്ടയോടും എഴുതിയത് വായിച്ച് മനസിലാക്കാൻ ' ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം " വായിച്ചാൽ മതിയാകും. അദ്ദേഹത്തിന് വളരെയധികം ഗൃഹസ്ഥശിഷ്യന്മാർ ഉണ്ടായിരുന്നു. ശ്രീനാരായണശിഷ്യപരമ്പരയിലെ പണ്ഡിത ശിരോമണി, മികച്ച ചികിത്സകൻ, പ്രഗത്ഭ പ്രാസംഗികൻ, ലേഖകൻ, പരിഭാഷകൻ, പത്രാധിപർ, പാഠശാലാ സ്ഥാപകൻ, ശ്രീമൂലം പ്രജാസഭാ അംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു കരുവാ കൃഷ്ണനാശാൻ, അഥവാ ഏറത്ത് കൃഷ്ണനാശാൻ. കൊല്ലവർഷം 1043 കുംഭം 9ന് (1868 ഫെബ്രുവരി ) കൊല്ലം കിളികൊല്ലൂരിൽ ഇലംപിലാശ്ശേരിൽ മാധവനാശാന്റെയും തൃക്കരുവാ വേളിക്കാട്ട് കറുമ്പിയമ്മയുടെയും മകനായി ജനിച്ച ആശാൻ ഹിന്ദുമത പ്രാസംഗികനും ഗുരുദേവന്റെ അരുമ ശിഷ്യനുമായിരുന്നു.
കൃഷ്ണനാശാൻ ഗുരുസ്വാമിയെ ആദ്യമായി കാണുന്നത് 1063 ൽ അരുവിപ്പുറത്ത് വച്ചായിരുന്നു. അന്നു മുതൽ അദ്ദേഹം സ്വാമിയുടെ ആരാധകനായിത്തീർന്നു. ഗുരുദേവനാൽ നിയമിതനായ ക്ഷേത്രകാര്യ സെക്രട്ടറിയായി കുമാരനാശാനും, അവിടെ ഉണ്ടായിരുന്നു. വാർത്താമാദ്ധ്യമങ്ങൾ സജീവമല്ലാതിരുന്ന ആ കാലത്ത് ഗുരുവിന്റെ സന്ദേശങ്ങൾ പ്രസംഗത്തിലൂടെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നതിൽ ആശാനുള്ള സാമർത്ഥ്യം എടുത്തുപറയേണ്ടതാണ്.
ഗുരുവുമായി ആശാന്റെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ഭാഗം കാവിള ജി. ഗംഗാധരന്റെ ' ശ്രീനാരായണഗുരുദേവ സ്മരണകൾ" എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. ഒരു ദിവസം ശിവഗിരിയിലെ പർണശാലയ്ക്ക് സമീപം ഗുരുദേവൻ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ദേവിയെപ്പറ്റി ഒരു കവിത തോന്നുകയുണ്ടായി. കുളി കഴിഞ്ഞുവന്നപ്പോൾ അടുത്തുണ്ടായിരുന്ന തന്റെ ശിഷ്യനായ ഏറത്ത് കൃഷ്ണനാശാനാണ് ആ കവിത പകർത്തിയത്. ആ കവിതയാണ് ഗുരുദേവന്റെ പ്രസിദ്ധമായ ' ജനനീ നവരത്നമഞ്ജരി". ആ കവിതാ മഞ്ജരി ഉള്ളിലുറച്ച സ്ഥലത്തു തന്നെയാണ് ശാരദാദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ആശാൻ പറയുകയുണ്ടായി.
കേരളവർമ്മ വിദ്യാമന്ദിരം എന്ന പേരിൽ ആശാൻ കരുവായിൽ നടത്തിയിരുന്ന സംസ്കൃത വിദ്യാലയം അക്കാലത്ത് സംസ്കൃത ഭാഷാഭ്യാസന കുതുകികൾക്ക് വലിയൊരു അനുഗ്രഹമായിരുന്നു. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായ മൂലൂർ, പെരുന്നെല്ലി, വെളുത്തേരി, കെ.സി. കേശവപിള്ള തുടങ്ങിയവരെല്ലാം അവിടെ കൂടി സാഹിത്യത്തെയും വൈദ്യശാസ്ത്രത്തെയും സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുമായിരുന്നു.
ഗുരുദേവന്റെ നിർദ്ദേശപ്രകാരം ചവറ തെക്കുംഭാഗത്ത് മാങ്ങൂർ സ്വാമികൾ നടത്തിയിരുന്ന സംസ്കൃതപാഠശാലയിലെ അദ്ധ്യാപകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. ആ സംസ്കൃത വിദ്യാലയം വളർന്നു വികസിച്ചതാണ് ഇപ്പോഴത്തെ ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കൂൾ.
തിരുവനന്തപുരത്തു നിന്നും വിദ്യാവിലാസിനി എന്ന പേരിൽ ഒരു സാഹിത്യ മാസിക പ്രസിദ്ധീകരിച്ചു. വിശാഖം തിരുനാൾ മഹാരാജാവ് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, കരുവാ കൃഷ്ണനാശാൻ, ഭാഷാചരിത്രകാരൻ പി. ഗോവിന്ദപ്പിള്ള എന്നിവരായിരുന്നു വിദ്യാവിലാസിനിയുടെ നേതൃത്വം വഹിച്ചത്. വെളുത്തേരിയുടെ അർത്ഥാലങ്കാര മണിപ്രവാളം എന്ന അലങ്കാര ശാസ്ത്രഗ്രന്ഥവും ഈ മാസികയിലൂടെ പുറത്തുവന്നു. ഇതാണ് എ.ആർ. രാജരാജവർമ്മ ഭാഷാഭൂഷണം എഴുതാൻ പ്രേരകമായതെന്ന് പറയപ്പെട്ടിരുന്നു. കുമാരനാശാന്റെ പല സ്തോത്ര കൃതികളും ശ്രീനാരായണ ഗുരുദേവന്റെ ' ശിവശതകം' എന്നിവ ആശാന്റെ ആഗ്രഹത്താലാണ് ആദ്യമായി വിദ്യാവിലാസിനിയിൽ അടിച്ചുവന്നത്. മള്ളൂർ ഗോവിന്ദപ്പിള്ള, കെ. രാമകൃഷ്ണപിള്ള, കാവുങ്കൽ നീലകണ്ഠപിള്ള, സി.വി. കുഞ്ഞുരാമൻ, ചട്ടമ്പിസ്വാമികൾ തുടങ്ങിയ മഹാന്മാരുടെ ലേഖനങ്ങളും ഗുരുദേവന്റെ ചില സമസ്യപൂരണങ്ങളും വിദ്യാവിലാസിനിയിലൂടെയാണ് പുറത്തുവന്നത്.
കരുവാ കൃഷ്ണനാശാനും മറ്റും ചേർന്ന് അഭിജ്ഞാന ശാകുന്തളം അഭിനയിച്ച് കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ പ്രശംസയും പാരിതോഷികവും നേടിയിട്ടുണ്ട്. ആശാന്റെ ശാകുന്തളം പരിഭാഷ എ.ഡി. ഹരിശർമ്മയുടെ പരിഭാഷയെക്കാളും മെച്ചപ്പെട്ടതാണെന്ന് കെ. ദാമോദരൻ ബി.എ അഭിപ്രായപ്പെട്ടതായി മുമ്പൊരിക്കൽ ഒരു ലേഖനം വന്നതായി ഓർക്കുന്നു. പക്ഷേ ആ കൈയെഴുത്ത് പ്രതി അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്താൻ ആശാനോ അദ്ദേഹത്തിന്റെ മക്കൾക്കോ സാധിച്ചില്ല. ഇനി കൊച്ചു മക്കളിലാരെങ്കിലും അതിനൊരുമ്പെട്ടാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്.
അരുവിപ്പുറത്ത് പർണശാല തുടങ്ങിയപ്പോൾ ഇത്രയും വലിയ ഒരു പ്രസ്ഥാനമായി വളരുമെന്നോ ലോകമെമ്പാടുമുള്ള ജനങ്ങൾ ശ്രീനാരായണഗുരുവിനെ പിന്തുടരുമെന്നോ അന്നത്തെ ജനങ്ങൾ വിചാരിച്ചുകാണുകയില്ല. ശ്രീനാരായണഗുരുവിന്റെ നിർദ്ദേശപ്രകാരം ഹിന്ദുമതത്തെയും അധ:കൃതരെന്ന് പുറന്തള്ളിയിരുന്ന മനുഷ്യരെയും രക്ഷിക്കാൻ അഹോരാത്രം പ്രയത്നിച്ച ആശാന്റെ സിംഹഗർജ്ജനം 1935 ഡിസംബർ മൂന്നാം തീയതി നിലച്ചു.
(ഫോൺ : 8129421557)