ദേശീയ - അന്തർദേശീയ കായിക മത്സരങ്ങളിൽ വിജയം നേടുന്നവരെ വാനോളം അഭിനന്ദിക്കുന്നതിൽ പിശുക്കു കാണിക്കാത്ത ഭരണാധികാരികൾ പിന്നീട് അവരെ വിസ്മരിക്കുകയാണു പതിവ്. 2015-ലെ ദേശീയ ഗെയിംസിൽ കേരള താരങ്ങൾ പല ഇനങ്ങളിലായി സംസ്ഥാനത്തിന് അഭിമാനം പകർന്നവരാണ്. കഴിഞ്ഞ ദിവസം ഇവരിൽ 83 പേർ 2015-ൽ നേടിയ മെഡലുകൾ സർക്കാരിനു മടക്കി നൽകാനായി സെക്രട്ടേറിയറ്റിൽ ഒരു ദിവസം മുഴുവൻ കാത്തുകിടന്നു എന്ന വാർത്ത കായിക കേരളത്തിന് ലജ്ജയോടുകൂടി മാത്രമേ വായിക്കാൻ കഴിയൂ. മെഡൽ ജേതാക്കൾക്കെല്ലാം ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം ഇത്ര നാളായിട്ടും നടപ്പായിക്കാണാത്തതിൽ പ്രതിഷേധിച്ചും പരിഭവിച്ചുമാണ് സ്പോർട്സ് വകുപ്പുമന്ത്രിയെ നേരിൽക്കണ്ട് സങ്കടമുണർത്തിക്കാൻ അവർ എത്തിയത്. എന്നാൽ ഒരിക്കൽ സംസ്ഥാനത്തിനു വേണ്ടി ട്രാക്കിലും ഫീൽഡിലും വിയർപ്പൊഴുക്കി മെഡലുകൾ കൊയ്ത അവരെ ഒന്നു കാണാൻ പോലും മന്ത്രി തയ്യാറാകാതിരുന്നത് ഒട്ടും ശരിയായില്ല. ഉമ്മൻചാണ്ടി സർക്കാരാണ് ജോലി വാഗ്ദാനം ചെയ്തതെന്നുള്ളത് ശരിയാകാം. എന്നാൽ മുന്നണി ഏതായാലും സർക്കാർ നൽകുന്ന വാഗ്ദാനം പാലിക്കപ്പെടേണ്ട വാഗ്ദാനം തന്നെയാണ്.
ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് മെഡൽ നേടിത്തന്നവരിൽ സ്വർണ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലിയും വെള്ളി, വെങ്കല മെഡലുകാർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയും എന്നതായിരുന്നു വാഗ്ദാനം. ഇവരിൽ സ്വർണമെഡലുകാർക്കെല്ലാം ജോലി നൽകുകയും ചെയ്തു. വെള്ളി, വെങ്കല മെഡലുകാരാണ് തൊഴിലിനായി കാത്തിരിക്കേണ്ടിവന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതു കൊണ്ടാണ് കായികതാരങ്ങളെ ജോലിക്കെടുക്കാൻ കഴിയാതിരുന്നതെന്ന് സർക്കാർ ന്യായം പറയുന്നുണ്ട്. എന്നാൽ നാലുവർഷമായിട്ടും ഒരു പൊതുമേഖലാ സ്ഥാപനത്തിലും ഒഴിവുകളൊന്നുമുണ്ടായില്ലെന്നത് അതേപടി വിഴുങ്ങാൻ ബുദ്ധിമുട്ടാണ്. കായിക പ്രതിഭകൾ സ്ഥിരമായി നേരിടുന്ന അവഗണനയുടെ ഇരകൾ തന്നെയാണ് മെഡൽ മടക്കി നൽകാനെത്തിയ ഇവരും. കായിക രംഗത്തു തുടരുന്ന പരിമിത കാലത്തു മാത്രമാണ് സർക്കാരിനും സമൂഹത്തിനും ഇവരുടെ കാര്യത്തിൽ താത്പര്യവും ആവേശവുമൊക്കെ. കായിക രംഗത്തോടു വിടപറയുന്നതോടെ ജീവിക്കാൻ ഒരു തൊഴിലിനായി അലയേണ്ട സ്ഥിതിയിലാണ് പലരും. കുട്ടികൾ കൂടുതലായി കായിക രംഗത്തേക്കു കടന്നുവരണമെന്നും മീറ്റുകളിൽ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കണമെന്നും ഉദ്ബോധനങ്ങൾക്ക് കുറവൊന്നുമില്ല. മെഡലും കീർത്തിയുമായി എത്തുന്നവരോട് പിന്നീട് സർക്കാരിന്റെ സമീപനം പലപ്പോഴും അനുഭാവപൂർണമായിരിക്കില്ല. സാങ്കേതികത്വവും ചട്ടവുമൊക്കെ ചൂണ്ടിക്കാട്ടി വാഗ്ദാനം എങ്ങനെ നടപ്പാക്കാതിരിക്കാമെന്നാവും നോക്കുന്നത്. വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് മെഡലുകൾ മടക്കി നൽകാനെത്തിയ 83 പേരുടെ കാര്യത്തിലും ഇതേ സമീപനമാണ് കാണാനാവുന്നത്.
കായിക താരങ്ങളെ സർക്കാർ സർവീസിൽ നിയമിക്കുന്നതിൽ ഇപ്പോഴത്തെ സർക്കാർ പുതുചരിത്രമെഴുതുകയാണെന്നാണ് പറയുന്നത്. നല്ല സംഗതിയാണത്. കായിക താരങ്ങൾ മെഡൽ തിരികെ നൽകാനെത്തിയ ദിവസം തന്നെയാണ് ഇതുസംബന്ധിച്ച കുറിപ്പുകൾ പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്. സർക്കാർ സർവീസിൽ നിയമിക്കപ്പെടാൻ യോഗ്യരായ 248 കായിക താരങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുവർഷം 50 പേർക്ക് നിയമനം നൽകാനാണ് പദ്ധതി. 2011-ൽ ഇത്തരത്തിലുള്ള നിയമനങ്ങൾ നിലച്ചതുകൊണ്ടാണ് ഇപ്പോൾ അഞ്ചുവർഷത്തെ നിയമനം ഒറ്റയടിക്കു നൽകേണ്ടിവരുന്നത്. ഒരുവർഷം അൻപതു പേർക്കേ നിയമനം നൽകൂ എന്ന ശാഠ്യവും ശരിയല്ല. കൂടുതൽ പേർ മെഡൽ നേടി എത്തിയാൽ അവരെ മാറ്റിനിറുത്തേണ്ടിവരുന്നത് ഉചിതമല്ലല്ലോ. കൂടുതൽ മെഡലുകൾ നേടി സംസ്ഥാനത്തിന്റെ അന്തസ്സ് ഉയർത്തണമെന്ന് കായിക താരങ്ങളെ ഒരുവശത്ത് ആഹ്വാനം ചെയ്യുമ്പോൾ മറുഭാഗത്ത് അവരുടെ ഉദ്യോഗ നിയമനത്തിൽ അതിർത്തി വരയ്ക്കുന്നത് ഭൂഷണമല്ല. കായിക താരങ്ങളാണെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനത്തിന് നിശ്ചിത യോഗ്യത വേണമെന്നു ശഠിക്കുന്നതു ശരിയായണോ എന്നും സർക്കാർ ചിന്തിക്കണം. കായിക മത്സരങ്ങളിൽ നേട്ടമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണല്ലോ ഇവർക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തത്. അതു നിറവേറ്റുന്നതിനു പകരം സാങ്കേതികത്വം പറഞ്ഞ് നിയമനം വൈകിക്കുന്നത് നീതികേടാണ്. ദേശീയ - അന്തർദേശീയ മത്സരങ്ങളിലെ മികവു തന്നെയാണ് അവരുടെ ഏറ്റവും വലിയ യോഗ്യത. മറ്റു സംസ്ഥാനങ്ങളും നിരവധി സ്ഥാപനങ്ങളും കായിക പ്രതിഭകളെ തങ്ങളോടൊപ്പം നിറുത്തുന്നത് അക്കാഡമിക് നേട്ടങ്ങളുടെ ബലത്തിലല്ല. കായിക താരങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യത കൂടിയാണ്. കുട്ടികൾക്ക് കായിക രംഗത്ത് താത്പര്യം വളർത്താനും കളമൊഴിയുന്ന താരങ്ങൾക്ക് ഭദ്രമായൊരു ജീവിതം ഉറപ്പുവരുത്താനും ഇതാവശ്യമാണ്. ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവായിട്ടും സർക്കാർ അവഗണനയാൽ പാളയം മാർക്കറ്റിൽ നാരങ്ങ വിറ്റ് ഉപജീവനം തേടേണ്ടിവന്ന മുൻ താരത്തിന്റെ അനുഭവം കുറച്ചുനാൾ മുമ്പ് ഈ പംക്തിയിൽ എഴുതിയിരുന്നു. കേരളകൗമുദിയിലെ റിപ്പോർട്ട് കണ്ടാണ് ഒടുവിൽ സർക്കാർ ഇടപെട്ട് അൻപത്താറാം വയസിൽ ആ സാധു വീട്ടമ്മയ്ക്ക് സ്ഥിരം തസ്തികയിൽ തൂപ്പുജോലി തരപ്പെടുത്തിക്കൊടുത്തത്. ഒരല്പം ശ്രദ്ധയും കരുതലും കാണിച്ചാൽ മതി കായിക പ്രതിഭകൾക്ക് അർഹമായ സമയത്തുതന്നെ അവർക്ക് ഒരു ജീവിതം നൽകാൻ. സാങ്കേതികത്വം പറഞ്ഞ് അവസരം നീട്ടിക്കൊണ്ടുപോവുകയല്ല, തടസങ്ങൾ തട്ടിനീക്കി നിയമനം നൽകുന്നതിലാണ് മിടുക്കു കാണിക്കേണ്ടത്.