നെയ്യാറ്റിൻകര: മരപ്പട്ടിയും പൊരുച്ചാഴിയും നിറഞ്ഞ് ജീർണാവസ്ഥയിലായ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി താമസിക്കാമെന്ന നെയ്യാറ്റിൻകര പൊലീസ് ക്വാർട്ടേഴ്സിലെ ഉദ്യാഗസ്ഥരുടെയും കുടുംബത്തിന്റെയും ആഗ്രഹം ഇനിയും ബാക്കി. ഗ്രാനൈറ്റ് പാകിയ പുത്തൻ കെട്ടിടത്തിലേക്ക് പൊലീസുകാർക്ക് ക്വാർട്ടേഴ്സ് അനുവദിച്ചത് ഒരു മാനദണ്ഡവും കൂടാതെയാണെന്ന പരാതിയും ബാക്കിയാണ്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ സമീപത്തായി നേരത്തെയുണ്ടായിരുന്ന പൊലീസ് ക്വാർട്ടേഴ്സ് ജീർണിച്ചതോടെയാണ് 1998ൽ പുതിയ ക്വാർട്ടേഴസ് പണിയാൻ തീരുമാനമായത്. തുടർന്ന് നെയ്യാറ്റിൻകര എ.ആർ. ക്യാമ്പ് പരിസരത്ത് 35 കുടുംമ്പങ്ങൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ ബഹുനില കെട്ടിടം പണിതത്. എന്നാൽ കെട്ടിടം പണി പൂർത്തിയായിട്ടും ജല വിതരണവും ഇലക്ട്രിക് ജോലികളും പൂർത്തിയാകാതെ ക്വാർട്ടേഴ്സ് ഉദ്ഘാടനം നീണ്ട് പോയി. താലൂക്ക് ജൂറിസ്ടിക്ഷനി. ജോലിചെയ്യുന്ന പൊലീസുകാരും കുടുംബവും പഴകി ദ്രവിച്ച കെട്ടിടത്തിൽ ടാർപ്പാളിനും ഓലയും മറച്ചാണ് കഴിഞ്ഞത്. എന്നിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി താമസിക്കാൻ തുറന്ന് നൽകാത്തതിൽ വൻ പ്രതിഷേധം നിലനിൽക്കെടാണ് ഇപ്പോൾ പുതിയ പരാതിക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇപേക്ഷകരുടെ സീനിയോറിറ്റി ലംഘിച്ചാണ് ഫ്ലാറ്റ് അനുവദിക്കുന്നതെന്ന ആക്ഷേപമാണ് നിലവിൽ.
പുതിയ പൊലീസ് ക്വാർട്ടേഴ്സിനായി അപേക്ഷിച്ചവരുടെ മുൻഗണനാ ക്രമം പാലിച്ച് മാത്രമേ പുതിയ ക്വാർട്ടേഴ്സ് അനുവദിക്കാൻ പാടുള്ളുവെന്നാണ് പൊലീസുകാരുടെ ആവശ്യം. വകുപ്പ് തല പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പരാതിയുമായി മുന്നോട്ടു പോകുവാൻ അപേക്ഷകരായ പൊലീസുകാർ മുന്നോട്ടു വരുന്നില്ല. പക്ഷെ സ്വജനപക്ഷപാതവും മേലുദ്യോഗസ്ഥന്മാരെ പ്രീണിപ്പിക്കലും മാത്രമാണ് പുതിയ ക്വാർട്ടേഴ്സ് അനുവദിക്കുന്നതിലെ മുൻഗണനാ ക്രമമെന്ന് പൊലീസുകാർ പരാതിപ്പെടുന്നു.
ഏതിനും നാട്ടിലെ ക്രമസമാധാനം കാത്തുസൂക്ഷിക്കുന്ന നീതിപാലകർക്കും കുടംബസമേതം താമസിക്കുന്ന കാര്യത്തിൽ നീതി ഉറപ്പാക്കണമെന്നാണ് പൊലീസുകാരുടെ ആവശ്യം. ഇപ്പോൾ പഴയ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൊലീസ് കുടംബങ്ങൾ 35 ആണ്. പുതുതായി പണിത ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കാൻ അനുമതി ലഭിച്ചത് 17 കുടുംബങ്ങൾക്കും. ബാക്കി 18 കുടുംബങ്ങൾക്ക് ഇനി പുതിയ താമസ സ്ഥലം ലഭിക്കണമെങ്കിൽ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരും. ഇതിനും പരിഹാരം വേണം.