നന്ദിയിലെ സുഖവാസം കഴിഞ്ഞ് ഞങ്ങൾ തിരുവമ്പാടിയിലേക്കുള്ള യാത്രയിലാണ്. നൂറുദ്ദീന്റെ കാറിലാണ്. കാറോടിക്കുന്ന കൂട്ടത്തിൽ അദ്ദേഹം പറയുന്നു.
''കേരളീയരുടെ ജീവിത നിലവാരം പൊതുവേ വളരെ ഉയർന്നിരിക്കുന്നു. നല്ല നല്ല വീടുകൾ നഗരങ്ങളിലുള്ള ജീവിത സൗകര്യം ഗ്രാമപ്രദേശങ്ങളിലും ആയിട്ടുണ്ട്. സ്വന്തം പാർപ്പിടമില്ലാത്തവരുടെ എണ്ണം വളരെ കുറഞ്ഞു. തിന്നാനും കുടിക്കാനുമുള്ള വിഭവങ്ങൾക്ക് ദാരിദ്ര്യമില്ല. വസ്ത്രധാരണത്തിനുള്ള തുണിത്തരങ്ങൾ ധാരാളം. ഇതൊക്കെ വാങ്ങാൻ ആളുകളുടെ കൈവശം പണമുണ്ട്. വികസിത രാജ്യങ്ങളിൽ ഉള്ള ജീവിതനിലവാരം ഇവിടെയും ആയിട്ടുണ്ടെന്നു പറയാം. പക്ഷേ, ഇങ്ങനെ ജീവിതനിലവാരം ഉയരുന്നതനുസരിച്ച് അറിവിന്റെ നിലവാരം താഴുന്നു. സ്വന്തം ഇച്ഛാശക്തി മുഴുവൻ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനും അവ സ്വന്തമാക്കാൻ വേണ്ട പണം സമ്പാദിക്കുന്നതിനും ഉള്ള വഴി കണ്ടെത്താൻ മാത്രം വിനിയോഗിക്കുന്നു. അതുകൊണ്ട് തന്നെയായിരിക്കും പുറമേ മോടിയുള്ളവരായി കാണപ്പെടുന്ന ആളുകളുടെ ഉള്ള് എപ്പോഴും അസ്വസ്ഥമായിരിക്കുന്നത്. ഈ അസ്വസ്ഥത കുടുംബ ജീവിതത്തിൽ മുതൽ പൊതുപ്രവർത്തനരംഗത്തു വരെ തെളിഞ്ഞു കാണാം. ഇതിനെന്താണൊരു പരിഹാരം?"
''ജീവിത സൗകര്യങ്ങളും അവ നേടാനുള്ള പണമുണ്ടാക്കുന്നതും മാത്രമല്ല, മനുഷ്യജീവിതത്തെ അർത്ഥവത്താക്കിത്തീർക്കുന്നത്. മനനശീലമുള്ളവനാണല്ലോ മനുഷ്യൻ. ഈ മനനശീലത്തെ, അന്നന്നേക്കുള്ള അപ്പം നേടാനും ജീവിതസൗകര്യം കൂട്ടാനും വേണ്ടി മാത്രം മനുഷ്യൻ ഇന്ന് ഉപയോഗിക്കുന്നു. ''അപ്പംകൊണ്ട് മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്. ദൈവവചനംകൊണ്ട് കൂടിയാണ്." എന്ന് യേശു പറഞ്ഞില്ലേ? അപ്പത്തിന്റെ തലത്തെക്കാൾ ഉന്നതമായ മൂല്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നവരുടെ എണ്ണം കുറയുന്നു. അപ്പത്തിന്റെ മൂല്യത്തിനെന്നവണ്ണം ഈ മൂല്യങ്ങൾക്കും മനുഷ്യ ജീവിതത്തിൽ സ്ഥാനമുണ്ട്. ശാശ്വതത്വമുണ്ട്. അവയുടെ പ്രാധാന്യത്തിന് മുൻഗണന കൊടുത്തുകൊണ്ട് സംസാരിച്ചത് ജ്ഞാനികളായ ഗുരുക്കന്മാരും പ്രവാചകന്മാരുമാണ്. അവരിലേക്കുള്ള തിരിച്ചു പോകലാണ് ഇന്നു വേണ്ടത്. അവരുടെ ജ്ഞാന വചസ്സുകളുടെ അന്തസ്സാരം ഉൾക്കൊണ്ടുകൊണ്ട് ആധുനിക ജീവിത സാഹചര്യങ്ങളെ മൂല്യപരമായി ക്രമീകരിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് വേണ്ടത്."
'എന്താണ് ഈ മൂല്യപരമായ ക്രമീകരണം."
'സ്വന്തം ജീവിതത്തിന് അർത്ഥം നൽകുന്ന ആത്യന്തിക മൂല്യമെന്ത് എന്ന് ഓരോരുത്തരും, ഈ ഗുരുക്കന്മാരുടെ വാക്കുകളുടെ വെളിച്ചത്തിൽ സ്വയം തീരുമാനിക്കണം. ഇന്നു ലഭ്യമായ ജീവിത സാഹചര്യങ്ങളെയും സൗകര്യങ്ങളെയും ആ മുഖ്യതാത്പര്യത്തിന് അനുഗുണമായിത്തീരുന്ന തരത്തിൽ ക്രമീകരിക്കണം. അതിനു പ്രതികൂലമെന്നു തോന്നുന്ന സൗകര്യങ്ങളും താത്കാലിക സുഖങ്ങളും വേണ്ടെന്നു വയ്ക്കാനുള്ള വിവേകവും വേണം."