തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. രാത്രി 10.20ന് തോറ്റംപാട്ടുപാടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് പത്തുദിവസത്തെ ഉത്സവം ആരംഭിക്കുന്നത്.
20നാണ് ആറ്റുകാൽ പൊങ്കാല. 40 ലക്ഷം ഭക്തർ പൊങ്കാലയ്‌ക്കെത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടൽ. രാവിലെ 10.15ന് അടുപ്പ് വെട്ടോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുന്നത്. അതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള അഞ്ചു കിലോമീറ്ററോളം പ്രദേശം യാഗശാലയാകും. ഇത്തവണ കൂടുതൽ പ്രദേശങ്ങളിൽ അടുപ്പുകൾ നിരക്കുമെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്‌ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കലും കുത്തിയോട്ടവും നടക്കും.
കോർപറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പൊങ്കാലയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കി കഴിഞ്ഞു. സിറ്റി പൊലീസ് കമിമീഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.