udan-project

തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് കണ്ണൂരിലേക്കു പറക്കാം,​ വെറും 1899 രൂപയ്‌ക്ക്! കണ്ണൂരിൽ നിന്ന് കൊച്ചിക്കാണെങ്കിൽ 1299 രൂപ. ചെറുനഗരങ്ങളെ ആകാശമാർഗം കൂട്ടിയിണക്കാനുള്ള കേന്ദ്രത്തിന്റെ 'ഉഡാൻ' പദ്ധതി കേരളത്തിലും യാഥാർത്ഥ്യമാവുന്നു. മാർച്ച് 31മുതൽ ഇൻഡിഗോയുടെ ഉഡാൻ സർവീസ് തുടങ്ങും.

എ.സി സ്ലീപ്പർ ബസിൽ 11 മണിക്കൂറെടുക്കുന്ന യാത്രയ്ക്ക് 1200രൂപ നിരക്കുള്ളപ്പോഴാണ് രണ്ടു മണിക്കൂർ കൊണ്ട് കണ്ണൂരിൽ പറന്നെത്താനാവുക. മലബാർ എക്സ്‌പ്രസ് ട്രെയിനിന്റെ രണ്ടാം ക്ലാസ് എ.സിയിൽ പോകാനും കൊടുക്കണം 1165രൂപ, ബോറടിച്ചിരിക്കേണ്ടത് പന്ത്രണ്ടര മണിക്കൂർ. കണ്ണൂരിൽ നിന്ന് കുറഞ്ഞ നിരക്കിൽ കൊച്ചിയിലേക്കും കോയമ്പത്തൂരേക്കും ബംഗളൂരുവിലേക്കുമെല്ലാം 'ഉഡാനി'ൽ ഉടൻ പറക്കാനാവും.

സാധാരണക്കാരന്റെ വിമാനയാത്രാ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്ന പദ്ധതിയാണ് ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്). 2500 രൂപയ്ക്ക് ഒരു മണിക്കൂർ ആകാശയാത്ര സാദ്ധ്യമാക്കുന്ന വിമാന സർവീസുകളാണ് പദ്ധതിയിലുള്ളത്. ചെറുനഗരങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് സർവീസ് തുടങ്ങാനാവുമെന്നതിനാൽ കോയമ്പത്തൂർ, മൈസൂരു, സേലം, പുതുച്ചേരി, തൂത്തുക്കുടി, വിശാഖപട്ടണം, ബറോഡ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് തുടങ്ങാനാകും.

1299 രൂപ നിരക്കുള്ള കണ്ണൂർ- കൊച്ചി യാത്രയ്ക്ക് ഒരുമണിക്കൂർ മതി. ഇൻഡിഗോയാണ് കുറഞ്ഞ നിരക്കുമായി രംഗത്തുള്ളത്. കൂടുതൽ കമ്പനികൾ ഉഡാനിൽ പങ്കാളിയായേക്കും. തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.05നും തിരികെ 2.45നുമാണ് ഇൻഡിഗോ സർവീസ്. കൊച്ചിയിലേക്ക് രാവിലെ 7.50നും വൈകിട്ട് 5.15നും, തിരികെ 11.45നും രാത്രി 8.40നും. ഫ്രാൻസിൽ നിന്നുവാങ്ങിയ 68 മുതൽ 78 വരെ സീറ്റുകളുള്ള എ.ടി.ആർ 72-600 വിമാനങ്ങളാവും ഈ സർവീസുകൾക്ക് ഇൻഡിഗോ ഉപയോഗിക്കുക.

688 റൂട്ടുകൾ

ഇന്ത്യയിലെ ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന 688 റൂട്ടുകളാണ് ഉഡാൻ പദ്ധതിയിലുള്ളത്. പരമാവധി 2500 രൂപയ്ക്ക് പകുതി സീറ്റുകൾ നീക്കിവയ്ക്കണമെന്നാണ് വ്യവസ്ഥ. എയർപോർട്ട് അതോറിട്ടിക്കാണ് ചുമതല. യാത്രക്കാർ കുറവുള്ള സർവീസുകളിൽ വിമാനക്കമ്പനികളുടെ സാമ്പത്തികനഷ്‌ടം നികത്താൻ സബ്സിഡി നൽകുന്നതിലൂടെ കേന്ദ്രസർക്കാരിന് പ്രതിവർഷം 1167കോടി ബാദ്ധ്യതയുണ്ടാവും. ഇതിന്റെ 20ശതമാനം തുക വയബിലി​റ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന സർക്കാർ നൽകും.

ഗുണങ്ങൾ

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രദർശനത്തിനും ക്ഷേത്രങ്ങളെ കൂട്ടിയിണക്കി സർക്യൂട്ടിനും അവസരം

എഡ്യൂക്കേഷൻ ഹബായ മംഗളൂരുവിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണം

ഉത്തരമലബാറിലെ ജനപ്രതിനിധികൾക്കും ട്രെയിൻ ഒഴിവാക്കി വിമാനത്തിൽ പറക്കാം.