ശിവഗിരി: കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ശിലാസ്ഥാപനവും ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 9ന് ശിവഗിരി മഠത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിർവഹിക്കും. 70 കോടിയിൽപരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലം, നവോത്ഥാനത്തിന്റെ ആത്മീയവെളിച്ചം കൊളുത്തി വച്ച അരുവിപ്പുറം ക്ഷേത്രം, ഭക്തിയുടെയും ധ്യാനത്തിന്റെയും മൗനശോഭ നിറഞ്ഞ കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മഹാസമാധിസ്ഥാനമായ ശിവഗിരിമഠം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. എ. സമ്പത്ത് എം.പി, വി. മുരളീധരൻ എം.പി, റിച്ചാർഡ്ഹേ എം.പി, അഡ്വ. വി. ജോയി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഐ.ടി.ഡി.സി ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ റവ്നീത്കൗർ, ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, എൻജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് രവിപണ്ഡിറ്റ്, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് എന്നിവർ സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറയും.