photo

നെടുമങ്ങാട് : മൃതദേഹങ്ങൾ മറവ് ചെയ്യാനിടമില്ലാതെ ശാന്തികവാടം തേടി നഗരവാസികൾ ഇനി അലയേണ്ട. കിള്ളിയാറിന്റെ കരയിലെ കല്ലമ്പാറയിൽ ബലിമണ്ഡപത്തോടു കൂടിയുള്ള ''ശാന്തിതീരം'' ഒരുങ്ങിക്കഴിഞ്ഞു. ആറ്റിൽ മുങ്ങി നിവർന്ന് സ്വസ്ഥമായി പ്രിയപ്പെട്ടവർക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാം. എൽ.പി.ജി ഗ്യാസ് ഉപയോഗിച്ചാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. നിലവിലെ സമുദായ ശ്മാശാനങ്ങളുടെ സമീപത്തായി നഗരസഭ വിലയ്ക്ക് വാങ്ങിയ 76 സെന്റിലാണ് ആധുനിക ക്രിമിറ്റോറിയം സജ്ജമായത്. ശുചിത്വ മിഷന്റെ മാർഗ നിർദ്ദേശമനുസരിച്ച് നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം തികച്ചും കേരളീയ വാസ്തുശില്പ ശൈലിയിൽ നിർമ്മിച്ച പൊതുശ്മശാനത്തിന് ശാന്തി തീരം എന്നാണ് പേര്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി എ.സി. മൊയ്തീൻ പൊതുജനങ്ങൾക്കായ് സമർപ്പിക്കും. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക തരം മാർബിൾ കല്ലുകളാണ് തറയിൽ പാകിയിരിക്കുന്നത്. 35മീറ്റർ പൊക്കത്തിലാണ് പുകക്കുഴലുകൾ. രണ്ടു ഘട്ടങ്ങളിലായി ഒരുകോടി രൂപ ചെലവിട്ടു. 50 ലക്ഷം ശുചിത്വ മിഷനും ബാക്കി നഗരസഭയുമാണ് ചെലവിട്ടത്. ടൊയ്ലറ്റ്, ഓഫീസ് സമുച്ഛയം, വിശ്രമമുറി, പാർക്കിംഗ് യാർഡ് എന്നിവയും തയാറാക്കിയിട്ടുണ്ട്. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരായ ഡി.കെ. മുരളി, കെ.എസ്. ശബരിനാഥൻ, ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ അജയകുമാർ വർമ്മ തുടങ്ങിയവർ സംബന്ധിക്കും. നഗരസഭയ്ക്ക് പുറമെ നെടുമങ്ങാട് താലൂക്കിലെ ഗ്രാമപഞ്ചായത്തുകൾക്കും പൊതുശ്മശാനം ഉപയോഗപ്രദമാവും. മാതൃകാപരമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ഹരികേശൻ നായരും കേരളകൗമുദിയോട് പറഞ്ഞു.