pinarayi-vijayan-

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതിൽ അദ്ധ്യാപകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഇന്ന് കുറഞ്ഞിരിക്കുന്നു. നവോത്ഥാനനായകരെ കുറിച്ചുപോലും വേണ്ടത്ര പഠിപ്പിക്കുന്നില്ല. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കും. വിദ്യാഭ്യാസം സാർവത്രികമാക്കാൻ നവോത്ഥാന നായകർ വലിയതോതിൽ ഇടപെട്ടു. മിഷണറിമാരുടെ പങ്കും പ്രധാനമാണ്. നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അടിത്തറയിട്ടത് നവോത്ഥാനമാണ്. കേരളത്തിൽ നവോത്ഥാനത്തിന് ശരിയായ തുടർച്ചയുണ്ടായി. ജാതിയും മതവും അടിമത്തവും തൂത്തെറിഞ്ഞ് മനുഷ്യരെ ഒന്നായിക്കാണാൻ സാധിച്ചത് അതുകൊണ്ടാണ്.

നവോത്ഥാന പാതയിൽ കേരളം മുന്നേറിയതിൽ അസ്വസ്ഥരായ ചിലർ അതിനെ തകർക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. നവോത്ഥാന നായകർ എന്തിനെതിരെ പോരാടിയോ അതിനെ പുനഃസ്ഥാപിക്കാൻ തുടർച്ചയായി ശ്രമിച്ചു. ഇപ്പോൾ പ്രത്യേക രീതിയിൽ അത് പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് നമ്മുടെ നാട്ടിലും ഇങ്ങനെ ചിന്തിക്കുന്നവരുണ്ടോ എന്ന് ആശ്ചര്യപ്പെട്ടത്. ഇന്ന് രാജ്യം ഭരിക്കുന്നവർക്ക് ഒരിക്കൽ കൂടി അതിന് അവസരം ലഭിച്ചാൽ ഇന്ത്യയുടെ വ്യത്യസ്തതകൾ തകർക്കപ്പെടും. കോടികൾ വിലയിടുന്നതിന് അനുസരിച്ച് രാഷ്ട്രീയ നിലപാട് എടുക്കുന്ന ആഭാസന്മാരും ജനപ്രതിനിധികളായി വന്നുകൂടാ. ഈ ശക്തികളെ പ്രതിരോധിക്കാനുള്ള ഏക മാർഗം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്.ടി.എ പ്രസിഡന്റ് കെ.ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുല്ലക്കര രത്നാകരൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ആന്റണി രാജു എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ എ. നജീബ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി സംഘടനാശക്തി വിളിച്ചോതി വി.ജെ.ടി ഹാളിന് മുന്നിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് പ്രകടനവും നടന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന സമാപന സമ്മേളനം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.