തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് വികസിത രാഷ്ട്രങ്ങളോടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഡെന്റൽ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി വികസന പ്രവർത്തനങ്ങൾ ഡെന്റൽ കോളേജിനായി സംസ്ഥാന സർക്കാർ നടപ്പാക്കും.
നിപ രോഗത്തെ പ്രതിരോധിച്ചതിലൂടെ കേരളം ലോകത്തിന് മാതൃകയായി. പുരുഷനേക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകുന്ന ആർദ്രം പദ്ധതി രൂപീകരിക്കാൻ കഴിഞ്ഞതാണ് ഈ മാറ്റത്തിന് കാരണം. ഡോക്ടർമാരെ കൂടുതലായി നിയമിച്ചു. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി. താലൂക്കാശുപത്രികളുടെ പ്രവർത്തനം വിപുലമാക്കി. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യക്കുറവിനെ മുതലെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ രീതി സർക്കാർ പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ അവസാനിക്കും. പഞ്ചനക്ഷത്ര ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ളതാണ് ഇന്നത്തെ നമ്മുടെ മെഡിക്കൽ കോളേജ് സൗകര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ഹർഷകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ജോളി മേരി വർഗീസ്, ഡോ. ശോഭാ കുര്യാക്കോസ്, ഡോ.ആനന്ദ് ആർ. കൃഷ്ണൻ, ഡി.ആർ. അനിൽ, റമീസ് കരീം എന്നിവർ സംസാരിച്ചു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിറ്റാ ബാലൻ സ്വാഗതവും ഡോ. കോശി ഫിലിപ്പ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.