mercykuttyamma

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ട തീരം വീണ്ടെടുക്കാൻ പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുംമുഖം എന്നീ പ്രദേശങ്ങളിൽ ഓഫ് ഷോർ ബ്രേക്ക് വാട്ടർ സിസ്റ്റം നടപ്പിലാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വലിയതുറ ഇടവക സംഘടിപ്പിച്ച കടൽത്തീരം പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലുള്ള ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുലിമുട്ടുകളും തുറമുഖങ്ങളും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ബ്രേക്ക് വാട്ടർ സിസ്റ്റമാണ് ഫലപ്രദം. ഇതിനുള്ള പഠനങ്ങൾ പൂർത്തിയായി. ആദ്യഘട്ടമായി പൂന്തുറയിൽ ബ്രേക്ക് വാട്ടർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ലത്തീൻ അതിരൂപത പി.ആർ.ഒ യൂജിൻ പെരേര മോഡറേറ്ററായിരുന്നു. ഫാ.സുധീഷ് ദാസ് വിഷയാവതരണം നടത്തി. ഫാ. സൈറസ് കളത്തിൽ, ഫാ. മെൽക്കൺ, ഫാ. ഷാജിൻ ജോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീനാകുമാരി, ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ഫിലിപ്പ് മത്തായി, വലിയതുറ വാർഡ് കൗൺസിൽ ഷീബ പാട്രിക്ക്, പേട്ട വില്ലേജ് ഓഫീസർ സലീല എന്നിവർ സംസാരിച്ചു. ഡാഫിനി പാപ്പച്ചൻ സ്വാഗതവും സുരേഷ് പീറ്റർ നന്ദിയും പറഞ്ഞു.