ആര്യനാട്: ഈഴവർ ജാതീയമായി സംഘടിച്ച് ശക്തിപ്രാപിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ. ആര്യനാട് യൂണിയൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവരായ രാഷ്ട്രീയ നേതാക്കൾ തങ്ങളെ വളർത്തി വലുതാക്കിയ സമുദായത്തോട് കൂറുകാണിക്കാത്തതുകൊണ്ടാണ് ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം ഉണ്ടായത്. 96 ശതമാനം മുന്നാക്കക്കാർ ജോലിചെയ്യുന്ന ദേവസ്വം ബോർഡിൽ വീണ്ടും സംവരണം ഏർപ്പെടുത്തിയത് കേരളം കണ്ട ഏറ്റവും വലിയ പിന്നാക്ക ദ്രോഹനടപടിയാണ്. ഈ നില തുടർന്നാൽ പിന്നാക്ക, ദളിത് വിഭാഗങ്ങൾ അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് തുടച്ചുനീക്കപ്പെടും. കേരളകൗമുദി ഇല്ലാതിരുന്നുവെങ്കിൽ അഞ്ചാം പത്തികളായ ഈഴവ നേതാക്കളുടെ ഒത്താശയോടെ അരനൂറ്റാണ്ടിന് മുൻപുതന്നെ സാമുദായിക സംവരണം നടപ്പാവുമായിരുന്നുവെന്നും ബാഹുലേയൻ പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻസെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, യോഗം ഡയറക്ടർ എസ്.പ്രവീൺ കുമാർ, കേരളകൗമുദി കാട്ടാക്കട ലേഖകൻ എ.പി.സജുകുമാർ, വനിതാ സംഘം കേന്ദ്ര സമിതിയംഗം മണലയം സുശീല, സൈബർ സേന ജില്ലാ ചെയർമാൻ അരുൺ സി.ബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പറണ്ടോട് രാജേഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് എൻ.സ്വയംപ്രഭ, വൈസ് പ്രസിഡന്റ് പി.വി.ശ്രീലത,സെക്രട്ടറി വസന്തകുമാരി ടീച്ചർ, കാരനാട് ഇന്ദിര, യൂണിയൻ ഭാരവാഹികളായ ബി.മുകുന്ദൻ, ജി.ശിശുപാലൻ, വി.ശാന്തിനി, ഉഴപ്പാക്കോണം വിദ്യാധരൻ, ദ്വിജേന്ദ്രലാൽ ബാബു, കൊക്കോട്ടേല ബിജുകുമാർ, കൊറ്റംപള്ളി ഷിബു, പി.ജി.സുനിൽ എന്നിവർ സംസാരിച്ചു.