തിരുവനന്തപുരം: കുംഭമാസ പൂജകൾക്കായി 12നു ശബരിമല നട വീണ്ടും തുറക്കാനിരിക്കേ 3000 സേനാംഗങ്ങളെ വിന്യസിച്ച് സുരക്ഷാകോട്ട പ്രബലമാക്കാൻ പൊലീസ് ഒരുക്കംതുടങ്ങി. പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതിയുടെ അന്തിമഉത്തരവ് വരാനിരിക്കെ, യുവതികൾ എത്തിയാൽ അത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചേക്കുമെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇതിന് ഇടവരുന്നത് അഭികാമ്യമല്ലെന്നും പൊലീസ് നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ കരുതലോടെ സജ്ജമാക്കാൻ പൊലീസ് ഒരുങ്ങുന്നത്.
അഞ്ചുദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നതെങ്കിലും യുവതികൾ ദർശനത്തിനെത്താനിടയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഫേസ്ബുക്ക് കൂട്ടായ്‌മയും ശബരിമലയിലേക്ക് യുവതികളെ എത്തിക്കാൻ തയ്യാറെടുക്കുന്നുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ അതിരുകടക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. നേരത്തേ പ്രതിഷേധം നടത്തിയിട്ടുള്ള സംഘടനകളെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. മണ്ഡല-മകരവിളക്ക് കാലത്തിന്റെ അവസാന സമയത്ത് യുവതീ പ്രവേശനത്തിനെതിരേ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പ ഭക്തരിൽ നിന്നും വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരം സാഹചര്യം ആവർത്തിക്കാനും ഇടയുണ്ടെന്നാണ് നിഗമനം.
ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, പൊലീസ് ആസ്ഥാനത്തെ അഡി. ഡി.ജി.പി ആനന്ദകൃഷ്‌ണൻ എന്നിവർക്കാവും സുരക്ഷയുടെയും ഏകോപനത്തിന്റെയും ചുമതല. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു, കോട്ടയം എസ്.പി ഹരിശങ്കർ എന്നിവർക്കും സുരക്ഷാചുമതലയുണ്ട്.
ഭക്തർക്കും മാദ്ധ്യമങ്ങൾക്കും നിയന്ത്രണം
ഫെബ്രുവരി 12 മുതൽ 17 വരെ നിലയ്ക്കൽ മുതൽ സന്നിധാനം വരെ പൊലീസ് കടുത്ത നിയന്ത്റണങ്ങൾ ഏർപ്പെടുത്തും. 12ന് രാവിലെ 10നു ശേഷമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഭക്തരെയും മാദ്ധ്യമ പ്രവർത്തകരെയും കടത്തിവിടൂ. മണ്ഡല മകരവിളക്ക് കാലത്ത് 15,000ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. തുലാമാസ പൂജ സമയത്ത് നാലായിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
വിവിധ സുരക്ഷാച്ചുമതലകൾ
പൊലീസ് ആസ്ഥാനം സ്‌പെഷ്യൽ സെൽ എസ്.പി വി. അജിത്ത്, ഡിവൈ.എസ്.പിമാരായ പ്രതാപൻ, പ്രദീപ്കുമാർ എന്നിവർക്കാണ് സന്നിധാനത്തെ സുരക്ഷാച്ചുമതല. ടെലി കമ്മ്യുണിക്കേഷൻ എസ്.പി മഞ്ജുനാഥ് .എച്ച്, ഡിവൈ.എസ്.പിമാരായ ഹരികൃഷ്ണൻ, വി. സുരേഷ്‌കുമാർ എന്നിവരാണ് പമ്പയിൽ. കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി പി.കെ. മധു, ഡിവൈ.എസ്.പിമാരായ സജീവൻ, ജവഹർ ജനാർദ്ദ് എന്നിവരാണ് നിലയ്ക്കലിലുണ്ടാവുക. മൂന്നിടത്തും നാല് ഇൻസ്‌പെക്ടർമാർ വീതം ഡ്യൂട്ടിയിലുണ്ടാവും.
''ശബരിമലയിലും പരിസരത്തും ശക്തമായ സുരക്ഷയൊരുക്കും. കാര്യമായ സേനാവിന്യാസമുണ്ടാവും. എ.ഡി.ജി.പിമാരായ അനിൽകാന്ത്, ആനന്ദകൃഷ്‌ണൻ എന്നിവർക്കാണ് ചുമതല.''
ലോക്നാഥ് ബെഹ്‌റ
പൊലീസ് മേധാവി