ml

തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെ വൈസ് ചാൻസലർക്ക് തുറന്ന കത്തെഴുതിയതിന് നടപടി നേരിടുന്ന കേരള സർവകലാശാലയിലെ അദ്ധ്യാപകർ, പറവൂരിൽ പ്രളയത്തിൽ പൂർണമായി തകർന്ന വീട് പുനർനിർമ്മിക്കുന്നു. വടക്കേക്കര പഞ്ചായത്തിലെ സജീവിന്റെ വീടാണ് ടീച്ചേഴ്സ് ഓർഗനൈസേഷനിൽപ്പെട്ട കേരളയിലെ അദ്ധ്യാപകർ പുനർനിർമ്മിക്കുന്നത്. തറക്കല്ലിടൽ കർമ്മം ഇന്നലെ വി.ഡി സതീശൻ എം.എൽ.എ നിർവഹിച്ചു. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള വീട് ആർക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തിലാണ് നിർമ്മിക്കുന്നത്. ആറു ലക്ഷം രൂപ ചെലവുണ്ടാകും. മൂന്നുമാസത്തിനകം വീട് പൂർത്തീകരിച്ച് സജീവിന് താക്കോൽ കൈമാറും.

തുറന്നകത്തെഴുതിയതിന് അദ്ധ്യാപകർക്ക് കേരള സർവകലാശാലാ രജിസ്ട്രാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത് നിയമസഭയിൽ ബഹളത്തിന് വഴിവച്ചിരുന്നു. അദ്ധ്യാപകർ വി.സിക്കെഴുതിയ തുറന്ന കത്തെന്ന പേരിലുള്ള നോട്ടീസിൽ മുഖ്യമന്ത്രിക്കും വി.സിക്കും സാലറിചലഞ്ചിനുമെതിരെ സഭ്യതയുടെ സീമകൾ ലംഘിച്ചുള്ള പദപ്രയോഗങ്ങൾ ഉണ്ടായിരുന്നതായും അച്ചടക്കലംഘനം പരിശോധിക്കാൻ വി.സിയെ സിൻഡിക്കേറ്ര് ചുമതലപ്പെടുത്തിയെന്നും മന്ത്രി കെ.ടി.ജലീൽ വിശദീകരിച്ചു. എന്നാൽ അസഭ്യമായ ഒരൊറ്റ പദപ്രയോഗം പോലുമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

പ്രളയബാധിതരെ സഹായിക്കാൻ സർവകലാശാലാ അദ്ധ്യാപകർ മുന്നോട്ടുവന്നത് പ്രശംസനീയമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. കെ.യു.ടി.ഒ പ്രസിഡന്റ് ഡോ. പ്രേമ, ജനറൽ സെക്രട്ടറി ഡോ. താജുദ്ദീൻ, ട്രഷറർ ഡോ.അനു ഉണ്ണി, അക്കാഡമിക് കോ-ഓർഡിനേ​റ്റർ ഡോ. അച്യുത് ശങ്കർ എസ് നായർ, നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.