തിരുവനന്തപുരം : ഉറവിട മാലിന്യ സംസ്കരണ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ മാതൃകാ മാലിന്യ പരിപാലന കേന്ദ്രം നഗരത്തിൽ തുറന്നു. മണക്കാട് വാർഡിൽ നിർമ്മിച്ച മാതൃകാ മാലിന്യ പരിപാലന കേന്ദ്രം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, എസ്. സുദർശനൻ, സെക്രട്ടറി എൽ.എസ്. ദീപ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ സാഹുജി എന്നിവർ സംസാരിച്ചു. കൗൺസിലർ സിമി ജ്യോതിഷ് സ്വാഗതവും ഹെൽത്ത് ഓഫീസർ ഡോ. എ. ശശികുമാർ നന്ദിയും പറഞ്ഞു.
45 ലക്ഷം രൂപ ചെലവഴിച്ചാണ് ആർ.ആർ.സി, രണ്ട് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകൾ, പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റ്, 10 എയ്‌റോബിക് ബിന്നുകൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്രത്തിന്റെ പണി പൂർത്തിയാക്കിയത്. ഇതോടൊപ്പം നവീകരിച്ച മണക്കാട് എച്ച്.ഐ ഓഫീസിലെ രണ്ട് ഹാളുകളും നവീകരിച്ച മണക്കാട് മാർക്കറ്റ്, വനിതകൾക്കായി നിർമ്മിച്ച ആറ് ശുചിമുറികൾ ഉൾപ്പെടുന്ന കംഫർട്ട് സ്റ്റേഷൻ, വാർഡ് കേന്ദ്രത്തിനായി പൂർത്തിയാക്കിയ കെട്ടിടം എന്നിവയും മേയർ ഉദ്ഘാടനം ചെയ്തു. ആകെ 90 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്.
നഗരസഭയുടെ രണ്ടാമത്തെ റിസോഴ്സ് റിക്കവറി സെന്ററാണ് മണക്കാട്ട് ഉദ്ഘാടനം ചെയ്തത്. 150 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള കേന്ദ്രത്തിന്റെ ചുവരുകൾ നിഷിലെ ഫൈൻ ആർട്സ് വിദ്യാർത്ഥികൾ ചിത്രം വരച്ച് മനോഹരമാക്കിയിട്ടുണ്ട്.