കല്ലമ്പലം: കെ.ടി.സി.ടി വിദ്യാർത്ഥികളുടെ നൈവേദ്യം പദ്ധതി ശ്രദ്ധേയമാകുന്നു. ബുധനാഴ്ചകളിലും മറ്റ് അവധി - വിശേഷ ദിവസങ്ങളിലും വിദ്യാർത്ഥികൾ രണ്ടോ മൂന്നോ ഭക്ഷണപ്പൊതികൾ കൂടുതൽ സ്‌കൂളിൽ കൊണ്ടുവരികയും അത് അവരുടെ നേതൃത്വത്തിൽ തന്നെ ആശുപത്രികളിലും, കാരുണ്യഭവനങ്ങളിലും, വൃദ്ധസദനങ്ങളിലും, മറ്റ് അഗതി മന്ദിരങ്ങളിലും വിതരണം ചെയ്യുന്നതുമാണ് നൈവേദ്യം പദ്ധതി. ഇതിനോടകം ഒരു ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു കഴിഞ്ഞു. സ്‌കൂൾ പാർലമെന്റിലെ വിദ്യാർത്ഥികളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിലും, അനാഥ-അഗതി സംരക്ഷണ കേന്ദ്രങ്ങളിലുമാണ് പ്രധാനമായും ഭക്ഷണം വിതരണം ചെയ്യുന്നത്. എല്ലാ ബുധനാഴ്ചയും രണ്ടായിരത്തോളം ഭക്ഷണപ്പൊതികൾ വിവിധ ഇടങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിലെ നിരാലംബർക്ക് ഭക്ഷണമെത്തിക്കാൻ കഴിയുന്നത് സംതൃപ്തി നൽകുന്ന കാര്യമാണെന്നും രക്ഷാകർത്താക്കളുടെ സഹകരണം ഈ പദ്ധതിയുടെ വിജയത്തിന് വലിയ സഹായം നൽകിയെന്നും സ്‌കൂൾ പ്രധാനമന്ത്രി ബി.ആർ.പുണ്യ പറഞ്ഞു.