onv

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘം വഴുതയ്ക്കാട് യൂണിറ്റും ഇടപ്പഴിഞ്ഞി ചട്ടമ്പിസ്വാമി സ്‌മാരക ഗ്രന്ഥശാലയും ചേർന്ന് ഒ.എൻ.വി കുറുപ്പ് അനുസ്‌മരണം സംഘടിപ്പിച്ചു. കോട്ടൺഹിൽ ഗവൺമെന്റ് എൽ.പി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലയാളികൾക്ക് മാനവികതയുടെ കാവ്യലോകം തീർത്ത കവിയായിരുന്നു ഒ.എൻ.വിയെന്ന് കടകംപള്ളി പറഞ്ഞു. കാൽപനികതയിൽ ഭ്രമിച്ചു പോകാതെ, തനിക്ക് ചുറ്റുമുള്ള ജീവിതത്തെ കവിതയിലൂടെ കാണാനാണ് അദ്ദേഹം ശ്രമിച്ചത്. നവോത്ഥാനത്തിന്റേയും സാമൂഹിക മാറ്റത്തിന്റേയും ജിഹ്വയായിരുന്നു ഒ.എൻ.വി കവിതകളൊന്നും മന്ത്രി പറഞ്ഞു.

സ്വന്തം ജീവിതം ഇത്രയേറെ അപഗ്രഥിച്ച കവി വേറെയില്ലായിരുന്നെന്ന് ഒ.എൻ.വി അനുസ്‌മരണ പ്രഭാഷണം നടത്തിയ ശ്രീകുമാരൻ തമ്പി പറഞ്ഞു. രാഷ്ട്രീയ, വിപ്ളവ, ആത്മീയ കവിതകളും അദ്ദേഹം എഴുതിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിപ്ളവ കവിതകൾ എഴുതിയത് ഒ.എൻ.വിയാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ, ആ കവിതകൾ എഴുതിയത് പി..ഭാസ്‌കരനാണ്. ആദ്യകാലത്ത് ഒ.എൻ.വി വിപ്ളവ കവിതകൾ എഴുതിയിരുന്നു. പിന്നീട് സ്നേഹത്തിന്റേയും ബന്ധങ്ങളുടേയും അനിവാര്യത തിരിച്ചറിഞ്ഞ അദ്ദേഹം വിപ്ളവ കവിതകളിൽ നിന്ന് മാറി എല്ലാ വിഭാഗത്തിനും ആസ്വദിക്കാനാകുന്ന തരത്തിലുള്ള കവിതകൾ എഴുതിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

ശ്രീകുമാരൻ തമ്പിയെ മന്ത്രി പൊന്നാട അണിയിച്ചു. പു.ക.സ വഴുതക്കാട് പ്രസിഡന്റ് ടി.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി. അശോകൻ, രാജീവ് ഒ.എൻ.വി, എസ്.ശശിധരൻ, ഡോ.ജെസി നാരായണൻ എന്നിവർ പങ്കെടുത്തു. വി.അനന്തൻ സ്വാഗതവും വി.ശശികുമാർ നന്ദിയും രേഖപ്പെടുത്തി. അനുസ്‌മരണത്തിന്റെ ഭാഗമായി നടന്ന ഒ.എൻ.വി കവിതാലാപന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ രചനയുടെ നേതൃത്വത്തിൽ ഒ.എൻ.വി ഗാനസന്ധ്യയും നടന്നു.