പാലോട് : വനപാലകരുമായി വാക്കുതർക്കത്തിലേർപ്പെട്ട ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ . ഇയ്യക്കോട് ട്രൈബൽ സെറ്റിൽമെന്റിൽ തടത്തരികത്ത് വീട്ടിൽ രാജപ്പൻ കാണിയുടെയും ലളിതയുടെയും മകൻ സുഭാഷ് (26) ആണ് മരിച്ചത്.വനത്തിൽ തീപിടിത്തം അറിഞ്ഞ് ജീപ്പിൽ എത്തിയ അഞ്ചംഗ ഗാർഡുമാരുടെ സംഘവുമായി സുഭാഷും സഹോദരൻ സുരേഷും സുഹൃത്ത് ബിനുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സുഭാഷിന്റെ വീടിന് സമീപത്തെ വനത്തിലാണ് തീ പടർന്നത്.തീ പടരുമ്പോൾ മൂവരും കാഴ്ചക്കാരായി ഇരിക്കുകയായിരുന്നുവെന്നും കെടുത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാക്കൾ തട്ടിക്കയറിയെന്നുമാണ് വനപാലകരുടെ വിശദീകരണം.യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയതായും പറയപ്പെടുന്നു. രാത്രിയോടെ വനപാലകർ തീയണച്ച് മലയിറങ്ങി. ഇന്നലെ രാവിലെ വീടിനു സമീപത്തെ പ്ലാവിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ദേഹത്ത് ചതവുകൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.സുഭാഷ് അവിവാഹിതനാണ്.സഹോദരി : സുധ.