വിനയചന്ദ്രൻ യാത്ര പറഞ്ഞിട്ട് ആറുവർഷം പൂർത്തിയാവുന്നു. കവിയാകാൻ ആഗ്രഹിച്ച് കവിതയിൽ മാത്രം ജീവിച്ച് കവിയായി അസ്തമിച്ച വിനയചന്ദ്രൻ ഇപ്പോഴും മലയാള വായനക്കാരോടൊപ്പമുണ്ട് . ഒരു തലമുറയെ കവിതയുടെ മഹാനദിയിലൂടെ നയിച്ചവരിൽ ഒരാൾ വിനയചന്ദ്രനാണ്.
1960 ലാണ് വിനയചന്ദ്രൻ കവിത എഴുതിത്തുടങ്ങുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ എഴുത്തച്ഛനെയും ചെറുശ്ശേരിയെയും കുമാരനാശാനേയും വായിച്ചു കഴിഞ്ഞിരുന്നു. നാടൻപാട്ടും നാടോടിക്കവിതയും ഹൃദിസ്ഥമാക്കിയിരുന്നു. അതിന്റെ ദൈവിക ബലത്തിലാണ് വിനയചന്ദ്രൻ കവിതാരചനയിലേക്ക് എത്തുന്നത്. വരാനിരിക്കുന്ന സവിശേഷ കാവ്യജീവിതത്തിന്റെ വിളംബരങ്ങൾ ആദ്യകാല കവിതകളിൽ തന്നെ ഉണ്ടായിരുന്നു. മലയാളത്തിൽ ആധുനികതയുടെ പ്രഭാവം തുടരുന്ന കാലത്തു തന്നെയാണ് വിനയചന്ദ്രനും കവിതാരചനയിൽ സജീവമാകുന്നത്. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, സച്ചിദാനന്ദൻ, ആറ്റൂർ രവിവർമ്മ തുടങ്ങിയവർ കവിതയിൽ പുതിയ ആവിഷ്കാരങ്ങൾ സൃഷ്ടിക്കുന്ന കാലം. പുതിയ ആശയങ്ങളും സങ്കല്പങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ, വിനയചന്ദ്രൻ ആധുനികതയുടെ പൊതുധാരയിൽ നിന്ന് മാറി സഞ്ചരിക്കാനാണ് ശ്രമിച്ചത്. പാരമ്പര്യത്തേയും ആധുനികതയേയും സമന്വയിപ്പിക്കുന്ന കാവ്യസംസ്കാരം സൃഷ്ടിക്കുകയാണ് വിനയചന്ദ്രൻ ചെയ്തത്. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ആന്തരിക സൗന്ദര്യം കവിതകളിലൂടെ അന്വേഷിക്കുകയായിരുന്നു വിനയചന്ദ്രൻ. അതുകൊണ്ട് സവിശേഷമായ ഒരു കാവ്യസംസ്കാരം മലയാള കവിതയിൽ രൂപപ്പെടുത്താൻ വിനയചന്ദ്രന് കഴിഞ്ഞു. ആധുനിക മലയാള കവിതയുടെ ധാരയിൽ നിന്ന് വേറിട്ടു നിൽക്കാൻ അദ്ദേഹത്തിന്റെ കവിതകൾക്ക് സാധിച്ചു. സ്വന്തം ദേശത്തോട് വലിയ ആഭിമുഖ്യം പുലർത്തിയ കവിയാണ് വിനയചന്ദ്രൻ. നാട്ടിൻപുറത്തെ നന്മകളാൽ സമൃദ്ധമായ ജീവിതത്തെ സ്വീകരിക്കാനാണ് ആഗ്രഹിച്ചത്.
കല്ലട എന്ന ഗ്രാമം ജീവിതവും അനുഭവവുമാക്കി കല്ലടക്കാരനായി ജീവിച്ചുകൊണ്ട് പ്രപഞ്ച മനുഷ്യനായി സ്വയം വിഭാവനം ചെയ്തു. കല്ലട എന്ന ദേശം വിനയചന്ദ്രന്റെ കവിതയിലെ സൗന്ദര്യമായിരുന്നു എപ്പോഴും. മാത്രമല്ല കല്ലടയിലെ വീട് വിനയചന്ദ്രൻ എന്ന വ്യക്തിയുടേയും കവിയുടേയും അവസാന അഭയസ്ഥലവുമായിരുന്നു. വീട്ടിലേക്കുള്ള വഴി എന്നും കവിതയിൽ തുറന്നിട്ടിരുന്നു. വീട്ടിലേക്ക് കവിതയിലൂടെ നിരന്തരം സഞ്ചരിച്ചിരുന്നു. വീടും അമ്മയും ചേർന്ന് ജീവിത പ്രപഞ്ചത്തിൽ നിശ്ശബ്ദനാകാനാണ് ആഗ്രഹിച്ചത്. 'അമ്മയില്ലാത്തവർക്കേതു വീട് ' എന്ന് സ്വയം ചോദിച്ചിരുന്നു. ജീവിതം കവിതയ്ക്കും യാത്രയ്ക്കുമായി പകുത്തുവച്ചിരുന്നു. പ്രകൃതിയോട് അത്രയ്ക്കു പ്രണയമായിരുന്നു. 'കാടിന് ഞാനെന്തു പേരിടും' എന്ന് നിരന്തരം ചോദിച്ചിരുന്നു. 'കാടിന് ഞാനെന്റെ പേരിട്ടു ' എന്ന് സ്വയം പ്രഖ്യാപിച്ചു. കാട് വിനയചന്ദ്രനാവുകയും വിനയചന്ദ്രൻ കാടായി മാറുകയും ചെയ്തിരുന്നു. യാത്രയുടെ വ്യത്യസ്തവും സവിശേഷവുമായ അടയാളങ്ങൾ വിനയചന്ദ്രന്റെ കവിതകളിലുണ്ട്. കാടും കടലും പർവതങ്ങളും കവിതയിൽ നിറഞ്ഞുനിൽക്കുന്നു. വിനയചന്ദ്രന്റെ കവിതകൾ പലപ്പോഴും യാത്രാഗീതങ്ങളായി മാറാറുണ്ട്. പ്രപഞ്ചത്തിലൂടെ അലഞ്ഞവന്റെ അന്വേഷണഗാഥകളാണ് ആ കവിതകൾ. മലയാള കവിതയിലെ ആ വിനയചന്ദ്രിക ഒരിക്കലും മായില്ല. അത് പ്രപഞ്ചകാന്തിയായി തുടരും.
ലേഖകന്റെ ഫോൺ : 9544053111