തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞ നാലായിരത്തി അഞ്ഞൂറിൽപരം ജീവനക്കാർക്കായി കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സിന്റെ ആഭിമുഖ്യത്തിൽ വെൽഫെയർ സഹകരണ സംഘം സ്ഥാപിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തെ സുമംഗലി കല്യാണമണ്ഡപത്തിൽ നടന്ന യോഗം ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ജീവിത സാഹചര്യങ്ങളും അവരുടെ പ്രശ്നങ്ങളും കണ്ടറിഞ്ഞ് സഹായിക്കുവാനാണ് സഹകരണ സംഘം തുടങ്ങുന്നത് എന്ന് പദ്മകുമാർ പറഞ്ഞു.
വെൽഫെയർ സൊസൈറ്റിയുടെ ആഭ്യർത്ഥനയെ മാനിച്ച് പെൻഷൻകാരുടെ മരണാനന്തര ചടങ്ങിനുള്ള സഹായ ധനം 5000 രൂപയാക്കി വർദ്ധിപ്പിക്കാൻ യോഗത്തിൽ ദേവസ്വം ബോർഡ് തീരുമാനിച്ചു. വെൽഫെയർ സഹകരണ സംഘത്തിനുള്ള ആദ്യ നിക്ഷേപത്തുക പൂജപ്പുര ശ്രീമംഗലം ഗോപീകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് കൈമാറി. മന്നത്ത് പദ്മനാഭൻ, ആർ.ശങ്കർ, ശങ്കരനാരായണ അയ്യർ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും ചടങ്ങിൽ നടന്നു.
ദേവസ്വം ബോർഡ് സഹകരണ സംഘം പ്രസിഡന്റ് ആർ.ഷാജിശർമ്മ അദ്ധ്യക്ഷനായിരുന്നു. എം.രാജഗോപാലൻ നായർ, വിജയകുമാർ, എൻ.വാസു, എസ്.ജയശ്രീ, എ.ഷെറീഫ്, സി.എൻ രാമൻ, ജി.വാസുദേവൻ നമ്പൂതിരി, ജി.ബസന്തകുമാർ, അരുൺകുമാർ, പ്രിയദർശൻകുമാർ, കെ.കെ പദ്മനാഭൻ, ആനയറ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ് സുരേഷ് കുമാർ, കെ.മുരളീധരൻ നായർ, വിജയൻ, ബീന, വത്സലകുമാരി, ഗീതമ്മാൾ, എം.എൻ കൃഷ്ണൻ നമ്പൂതിരി, രാധാകൃഷ്ണപിള്ള, നാരായണപിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.