bjp-vidio

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനായി മണ്ഡലങ്ങൾ തോറും ബി.ജെ.പി നടത്തുന്ന വിജയരഥ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഒ. രാജഗോപാൽ എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.പി. വാവ, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. 'ഭാരതത്തിന്റെ മനസ് മോദിക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

വിജയരഥം എന്ന് പേരിട്ട മൂന്ന് പ്രചാരണ വാഹനങ്ങളിലൊന്നാണ് ഇന്നലെ തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങിയത്. വാഹനത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ബോക്സിൽ തിരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയം ഓരോ വോട്ടർക്കും നിക്ഷേപിക്കാം. 6357171717 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും ഭാരത് മൻകിബാത്ത് എന്ന വെബ്‌സൈറ്റ് വഴിയും തിരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ സമർപ്പിക്കാം. മറ്റു രണ്ടു പ്രചാരണ വാഹനങ്ങളുടെ ഉദ്ഘാടനം ഇന്ന് തൃശൂരിൽ ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും കാസർകോട് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും നിർവഹിക്കും.