flower

കാട്ടാക്കട: ചായ്ക്കുളം ആദിത്യപുരം ഭൂതത്താൻദേവീക്ഷേത്രത്തിന് സമീപം ഫ്ലവർ സംഭരണശാലയ്ക്ക് തീപിടിച്ചു. വീരണകാവ് കുന്നത്ത് വിളാകത്ത് വീട്ടിൽ വിജയന്റെ പൂക്കളുടെ കയറ്റുമതി നടത്തുന്ന സ്ഥാപനത്തിന്റെ സംഭരണ ശാലയ്ക്കാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു സംഭവം. നെയ്യാർഡാം, കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഇടുങ്ങിയ വഴിയുള്ള സ്ഥലത്താണ് സംഭരണശാല. ഇവിടെ ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾ എത്താൻ പ്രയാസമായിരുന്നു. ചെറു യൂണിറ്റ് വാഹന യൂണിറ്റുകൾ വളരെ പണിപ്പെട്ടാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ ആളിപടർന്നിരുന്നു. സംഭരണ ശാല പൂർണമായും നശിച്ചു. ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ പൂക്കൾ സംസ്കരിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കാനായാണ് സംഭരണ ശാല സ്ഥാപിച്ചത്. തീപിടിത്തം നടക്കുന്ന സമയത്ത് ഇവിടെ ആളില്ലായിരുന്നു. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. ഏകദേശം 65 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.