കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ അതിർത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും തടവുകാരും സംയുക്തമായി ഓപ്പറേഷൻ റാഡ് ക്ലിഫ് പ്രവർത്തനങ്ങൾ തുടങ്ങി. നെട്ടുകാൽത്തേരി ഓപ്പൺ ജയിൽ ഓഫീസിനു മുന്നിൽ ജയിൽ സൂപ്രണ്ട് പരിപാടി ഉദ്ലാടനം ചെയ്തു. ചീഫ് പ്രിസൺ ഓഫീസർ മഹേഷിന്റെയും ഡി.പി.ഒമാരായ സുധീർ, സർജിത്ത്, പ്രശാന്ത് എന്നിവരുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം മെയിൻ ഗേറ്റിലേക്ക് മാർച്ച് ചെയ്തു. തുടർന്ന് അവിടെ നിന്ന് ജീവനക്കാരും അന്തേവാസികളും അതിർത്തിയിലൂടെ സഞ്ചരിച്ച് കാട് തെളിക്കൽ പ്രവർത്തനം ആരംഭിച്ചു. ആദ്യദിനം മൂന്ന് കിലോമീറ്ററോളം വരുന്ന ജയിൽ ഭൂമിയിലെ അതിർത്തി തെളിക്കുന്നതിനും അടയാളപ്പെടുത്തി പേരിട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇടക്കാടുകൾ വെട്ടിമാറ്റുന്നതിനും സാധിച്ചു. പരിപാടി വൻ വിജയമായിരുന്നെന്നും ഈ മാസം തന്നെ നെട്ടുകാൽത്തേരി മെയിനിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും അവലോകന യോഗത്തിൽ വിലയിരുത്തി. ഓപ്പൺ ജയിൽ സൂപ്രണ്ട് സുനിൽകുമാറിന്റെ നേതൃത്വത്തിൽ 25 ജയിൽ ഉദ്യോഗസ്ഥരും 25 ജയിൽ അന്തേവാസികളും കൃഷി ഓഫീസർ അജിത് സിംഗ്, അസിസ്റ്റന്റ് സൂപ്രണ്ട് ജെ. പാട്രിക്ക് എന്നിവരും വിവിധ ഗ്രൂപ്പുകളെ നയിച്ച് ഓപ്പറേഷനിൽ പങ്കെടുത്തു. 475 ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന ജയിലിന്റെ സമഗ്ര മുന്നേറ്റത്തിനും സംരക്ഷണത്തിനും വേണ്ടി ആരംഭിച്ച സംയുക്ത സംരക്ഷണ പരിപാടിയാണ് ഓപ്പറേഷൻ റാഡ് ക്ലിഫ്.