sivagiri

തിരുവനന്തപുരം:മനുഷ്യരെല്ലാം ഒന്നാണെന്നു പറയാൻ ധൈര്യം കാട്ടിയ മഹാപുരുഷനാണ് ശ്രീനാരായണ ഗുരുദേവനെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. കേന്ദ്രസർക്കാരിന്റെ സ്വദേശിദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ശിലാസ്ഥാപനവും ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകം കണ്ട ഏറ്റവും വലിയ വിപ്ളവ നായകനായിരുന്നു ഗുരു. ഭിത്തികളുണ്ടാക്കുന്ന ലോകമാണ് ഇന്നത്തേത്. ഞാനും എന്റെ കുടുംബവും എന്ന രീതിയിലേക്ക് നമ്മൾ മാറിയിരിക്കുന്നു. ലോകം മുഴുവൻ എന്റേതാണെന്ന ചിന്ത വളരണം. ഗുരുദേവൻ നമ്മെ പഠിപ്പിച്ചതും അതാണ്. ഗുരു ജീവിച്ചിരുന്ന പുണ്യഭൂമിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നത് ഏറെ സന്തോഷകരമാണെന്നും കണ്ണന്താനം പറഞ്ഞു.

പദ്ധതി തയ്യാറാക്കുന്നതിൽ കേരള സർക്കാരും പങ്കുവഹിച്ചിട്ടുണ്ട്. നിർമ്മാണചുമതല ഐ.ടി.ഡി.സിയെ ആണ് ഏൽപ്പിച്ചിട്ടുള്ളത്.എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കൂടി മേൽനോട്ടം വഹിച്ചാൽ നിർമ്മാണ ജോലികൾ വേഗത്തിൽ തീർക്കാൻ കഴിയും. ജനങ്ങളുടെ പ്രസ്ഥാനമാണ് സർക്കാർ. ജനങ്ങളിലേക്ക് ആശയങ്ങളെത്തിച്ച് ചർച്ച ചെയ്‌ത്,​ എല്ലാവരും ഒന്നിച്ചുനിന്ന് വേണം എല്ലാം ചെയ്യാനെന്നും കേന്ദ്ര മന്ത്രി തുടർന്നു.

ശിവഗിരിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടിയാണ് മുടക്കുന്നത്. ടൂറിസം മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന 580 കോടിയുടെ പദ്ധതികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഉത്തർപ്രദേശ്,​ മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലേതിനെക്കാൾ വലിയ മാറ്റം ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് കേരളത്തിലാണ്. വലിയ നക്ഷത്ര ഹോട്ടലുകളിലും ജോലിചെയ്യുന്നത് പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ഏറ്റവുമധികം നികുതി നൽകുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകളാണ്.

കഴിഞ്ഞ വർഷം ടൂറിസത്തിലൂടെ ലഭിച്ചത് 234 ബില്ല്യൻ ഡോളറാണ് (16.5 ലക്ഷം കോടി രൂപ).വിദേശ ടൂറിസ്റ്റുകളെക്കാൾ ആഭ്യന്തര ടൂറിസ്റ്രുകളിൽ നിന്നാണ് വരുമാനത്തിലേറെയും.ആഭ്യന്തര ടൂറിസ്റ്റുകളിൽ തന്നെ മതപരമായ ടൂറിസ്റ്രുകളാണ് ഭൂരിപക്ഷം.മതപരമായ ടൂറിസവുമായി ബന്ധപ്പെട്ട് 133 ആരാധനാലയങ്ങൾക്ക് 85 കോടിയാണ് അടിസ്ഥാനസൗകര്യങ്ങൾക്കായി ചെലവിടുന്നത്- കണ്ണന്താനം പറഞ്ഞു.

മോദിക്കും അമിത് ഷായ്‌ക്കും

അഭിനന്ദനം: തുഷാർ

തിരുവനന്തപുരം: ശിവഗിരി കേന്ദ്രീകരിച്ച് ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് സ്ഥാപിക്കുന്നതിന് ഏറെ താത്പര്യം കാണിച്ച പ്രധാനമന്ത്രിയെയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി പറഞ്ഞു. തീർത്ഥാടന സർക്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി വിശുദ്ധാനന്ദയ്ക്കൊപ്പം പ്രധാനമന്ത്രിയെ കാണുന്നതടക്കമുള്ള കാര്യങ്ങളിൽ താനും പങ്കാളിയായിരുന്നു. ഇത്തരം പദ്ധതി കേന്ദ്രസർക്കാർ ചെയ്താലും സംസ്ഥാന സർക്കാർ ചെയ്താലും മഠത്തിലെ സ്വാമിമാർക്ക് പ്രത്യേകിച്ചൊരു താത്പര്യമില്ല. ടൂറിസം സർക്യൂട്ടിന്റെ പ്രവർത്തനങ്ങൾ ഐ.ടി.ഡി.സിയുടെ മേൽനോട്ടത്തിലാകുമ്പോൾ രാജ്യമൊട്ടാകെ അറിയും. കഴിയുന്നത്ര വേഗത്തിൽ പദ്ധതി പൂർത്തിയാക്കുകയാണ് വേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ,എം.പിമാരായ ഡോ.എ.സമ്പത്ത്, റിച്ചാർഡ് ഹെ, വി.ജോയി എം.എൽ.എ, ഐ.ടി.ഡി.സി ചെയർപേഴ്സൺ റവ്നീത് കൗർ, ഡയറക്ടർ കെ.പദ്മകുമാർ, വൈസ് പ്രസി‌ഡന്റ് രവി പണ്ഡിറ്റ്, വർക്കല നഗര സഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.