മണക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
കുഴിത്തുറ:നാഗർകോവിൽ- തിരുവനന്തപുരം ദേശീയപാതയിൽ മദ്യപിച്ച് കാറോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ തിരുവനന്തപുരം മണക്കാട് സ്വദേശി സലീമിന്റെ മകൻ ആഷിക്(22) അറസ്റ്റിൽ .മിനിയാന്ന് രാത്രി കുഴിത്തുറയ്ക്കടുത്ത് തിരുത്തുവപുരത്താണ് അപകടം. ആഷിക് ഓടിച്ചിരുന്ന കാർ ,നിയന്ത്രണംവിട്ട് മുന്നിൽപ്പോയ ബൈക്കുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .ഇതിൽ ഒരുബൈക്കിലെ യാത്രികരായ കിരാത്തൂർ ജ്ഞാനദാസിന്റെ മകൻ ഷാജി(26), സ്റ്റീഫന്റെ മകൻ ലിയോൺ(24)എന്നിവരാണ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചത് .മറ്റ് ബൈക്കുകളിലെ യാത്രക്കാരായ കിരാത്തൂർ സുബിൻ(27),മരുത്തൻകോട് മുകേഷ് എന്നിവർക്ക് പരിക്കേറ്റു. കളിയിക്കവിള പൊലീസാണ് ആഷിക്കിനെ അറസ്റ്റുചെയ്തത്.ഇയാൾ മദ്യപിച്ചിരുന്നു. അപകടമുണ്ടായ ഉടൻ ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നവർ ഓടിക്കളഞ്ഞതായും പൊലീസ് അറിയിച്ചു.