നേമം: നേമം ഗവ. യു.പി. സ്കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്കായി നിർമ്മിച്ച സബ് വേക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം തുടരുന്നു. ഇന്നലെ രാവിലെ സബ് വേയുടെ ഷട്ടർ തുറന്നപ്പോഴാണ് ഇവിടത്തെ രണ്ട് ഗ്രില്ലുകൾ തകർത്ത നിലയിൽ കണ്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ സ്കൂളിലെ ക്ലാസ് മുറിക്കു നേരെ ഉണ്ടായ കല്ലേറിൽ നാല് ജനാലകളും, ക്ലാസിനുള്ളിലെ ട്യൂബ് ലൈറ്റും തകർന്നു. അന്നേ ദിവസം തന്നെ സബ് വേയിലെ ഒരു ഗ്രില്ലും തകർക്കപ്പെട്ടു. ഒന്നര മാസം മുമ്പ് പട്ടാപകൽ സബ് വേയുടെ ജനാല ചില്ല് തകർത്തിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ പറഞ്ഞു. ഗ്രില്ലുകൾ തകർക്കാൻ ഉപയോഗിച്ച ഇന്റർലോക്കിന്റെ കഷണങ്ങൾ ഉൾപ്പെടെ സബ് വേയ്ക്കുള്ളിൽ വീണിട്ടുണ്ട്. കൂടാതെ ഗ്ലാസ് ചില്ലുകൾ സബ് വേ നടപ്പാതയിലും ചിതറി കിടപ്പുണ്ട്. നേമം സ്കൂളിലെ പഠനോത്സവം നടക്കുന്നതു കൊണ്ടാണ് സബ് വേ ഇന്നലെ തുറന്നത്. സാധാരണ സ്കൂൾ പ്രവർത്തിക്കാത്ത ദിവസങ്ങളിൽ സബ് വേ തുറക്കാറില്ല. സ്കൂൾ നിയന്ത്രണത്തിലാണ് സബ് വേ പ്രവർത്തിക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് തുറന്നു നൽകാത്തതിൽ ചില മേഖലകളിൽ നിന്നു പ്രതിഷേധമുണ്ടായിരുന്നു. സബ് വേയിലെ ലൈറ്റ് സംവിധാനം നേരത്തെ തന്നെ നശിപ്പിച്ചിരുന്നു.
സ്കൂൾ പരിസരത്തും സബ് വേയിലും കാമറ സ്ഥാപിക്കാൻ സന്നദ്ധ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ സജി പറഞ്ഞു. ആക്രമണത്തെ തുടർന്ന് നേമം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.