തിരുവനന്തപുരം: നെയ്‌വേലിയിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ ക്വാളിഫെെയിംഗ് റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന കേരളം ഒരു ഗോൾ പോലും നേടാതെ പുറത്തായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.ശിവൻകുട്ടിആവശ്യപ്പെട്ടു.
കഴിഞ്ഞ സന്തോഷ് ട്രോഫി ജയിച്ച ടീമിനെ നിലനിർത്താൻ കേരള ഫുട്ബോൾ അസോസിയേഷൻ ശ്രമിച്ചില്ല.ടീം തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. ടീമംഗങ്ങളെ പ്രഖ്യാപിക്കുന്നതിനായി കൂടിയ ടെക്നിക്കൽ കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടു. ഇക്കാര്യങ്ങളെക്കുറിച്ച് സർക്കാരോ,കേരള ഫുട്ബോൾ അസോസിയേഷനോ വിശദമായി അന്വേഷിക്കണമെന്നും പ്രത്യേക താത്പര്യമനുസരിച്ച് ടകം തിരഞ്ഞെടുപ്പ് നടത്തിയതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നും ശിവൻകുട്ടി പറഞ്ഞു.
ഇന്റർ ഡിസ്ട്രിക് മത്സരങ്ങളിൽ നിന്ന് ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 15പേരെ മൂന്ന് ദിവസത്തിന് ശേഷം ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. ട്രോഫി നേടിയതിനു അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ നൽകിയ പാരിതോഷികം കളിക്കാർക്ക് വീതിച്ച് നൽകിയതല്ലാതെ അവരെ ആദരിക്കുന്ന ചടങ്ങ് പോലും സംഘടിപ്പിച്ചില്ല.
പുതിയ കളിക്കാരെ കണ്ടെത്താനായി യാതൊരു പ്രവർത്തനങ്ങളും സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ നടത്തുന്നില്ലെന്നും കേരള പ്രീമിയർ ലീഗ്, ക്ലബ് ച്യാമ്പ്യൻഷിപ്പ് എന്നിങ്ങനെ കേരളത്തിലെ പ്രമുഖ എട്ട് ടൂർണമെന്റുകൾ ഇപ്പോൾ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗബ്രിയേൽ ജോസഫ്, ശ്രീഹർഷൻ, സി.സുരേഷ് കുമാർ, റഫീക്ക് എന്നിവർ പങ്കെടുത്തു