തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ശൃംഖലയായ ആമസോണിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി ലോകമെങ്ങുമെത്തും. നാടൻ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്. കുടുംബശ്രീ ബസാർ (www.kudumbashreebazaar.com) എന്ന പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെബ്‌സൈറ്റ് ആരംഭിച്ചെങ്കിലും ഉപഭോക്താക്കളെ ആകർഷിക്കാനായില്ല. ഇതോടെയാണ് ആമസോണുമായി കൈകോർക്കാൻ തീരുമാനിച്ചത്. 27ന് ആമസോൺ പ്രതിനിധികളുമായി കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ കരാർ ഒപ്പിടും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോൺ സഹേലി വിഭാഗത്തിലാണ് കുടുംബശ്രീ ഉത്പന്നങ്ങൾ ലഭിക്കുന്നത്.
കുടുംബശ്രീ ബസാറിലുള്ള 525 ഉത്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കരകൗശല വസ്തുക്കൾ, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, ടോയ്‌ലറ്റ് ക്ലീനർ, ആയുർവേദ ഉത്പന്നം തുടങ്ങി 110 എണ്ണമാണ് ലഭ്യമാക്കുക. ഭക്ഷ്യവസ്‌തുക്കൾ ലഭിക്കില്ല. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് 69 ഉത്പന്നങ്ങൾ ആമസോണിൽ ലഭ്യമാക്കിയിരുന്നു. ഇതിനിടെ അഞ്ച് ഓർഡറുകളും ലഭിച്ചു. ഹിമാചൽപ്രദേശിൽ നിന്നായിരുന്നു ആദ്യ ഓർഡർ. പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ കസ്റ്റമർ കെയർ സെന്ററുമുണ്ട്.
എല്ലാ ജില്ലകളിലും കുടുംബശ്രീ ബസാർ
നാട്ടിലുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് ഉടൻ എല്ലാ ജില്ലകളിലും കുടുംബശ്രീ ബസാർ സൂപ്പർമാർക്കറ്റും ആരംഭിക്കും. ആദ്യ ഘട്ടത്തിൽ രണ്ടെണ്ണം കഴിഞ്ഞമാസം പത്തനംതിട്ടയിലും വയനാട്ടിലും തുറന്നു. ജില്ലയിലെ മുഴുവൻ സംരംഭകരെയും കൂട്ടിയിണക്കി രജിസ്റ്റർ ചെയ്യുന്ന സൊസൈറ്റിക്ക് കീഴിലാണ് ബസാറിന്റെ പ്രവർത്തനം. ഓരോ ജില്ലയ്‌ക്കും ഇതിനായി 40 ലക്ഷം രൂപ കുടുംബശ്രീ നൽകും. ഒരു വർഷത്തിനുള്ളിൽ എല്ലാ ജില്ലകളിലും ബസാർ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
'കുടുംബശ്രീ ഉത്പന്നങ്ങൾക്ക് പരമാവധി വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. ഓരോ ഘട്ടത്തിലുമുണ്ടാകുന്ന പോരായ്‌മ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്. ആമസോണുമായി കൈകോർക്കുന്നത് ഇതിന്റെ ഭാഗമാണ്".
- എസ്. ഹരികിഷോർ, എക്‌സിക്യൂട്ടിവ് ഡയറക്ടർ, കുടുംബശ്രീ