mani

കിളിമാനൂർ: അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മയ്ക്കായി നിർദ്ധന വിദ്യാർത്ഥിയ്ക്ക് വീട് വയ്ക്കാൻ ഭൂമി നൽകി മാതൃകയാവുകയാണ് സനൽകുമാർ - സിനി ദമ്പതികൾ. ഇവരുടെ മകൻ നിതിൻ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ജീവിതം അവസാനിപ്പിച്ചിരുന്നു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന നിതിൻ പഠനത്തിൽ മികവ് പുലർത്തിയിരുന്നു. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന നഗരൂർ കോട്ടയ്ക്കൽ വിളയിൽ വീട്ടിൽ ലതികയുടെ മകൻ മണികണ്ഠന് വേണ്ടിയാണ് നിതിന്റെ മാതാപിതാക്കൾ അഞ്ച് സെന്റ് ഭൂമി ദാനം ചെയ്തത്. മണികണ്ഠന്റെ പിതാവ് ബാലകൃഷ്ണൻ കഴിഞ്ഞ വർഷം മരിച്ചിരുന്നു. മാതാവ് ലതികയുടെ ഏക വരുമാനത്തിൽ വാടക വീട്ടിലാണ് ജീവിക്കുന്നത്. മകന്റെ സ്മരണാർത്ഥം നിരാലംബരായവരെ സഹായിക്കാമെന്ന വാഗ്ദാനവുമായി സ്കൂളിൽ എത്തിയ സനൽകുമാറിനോട് മണികണ്ഠന്റെ അവസ്ഥ അദ്ധ്യാപകർ വിവരിച്ചതിനെ തുടർന്ന് ജീപ്പ് ഡ്രൈവറായ സനൽകുമാർ ഭൂമി നൽകാനുള്ള സമ്മതപത്രത്തിൽ ഒപ്പിടുകയായിരുന്നു. സനൽകുമാർ - സിനി ദമ്പതികൾക്ക് ജിത്ത്, ജിതിൻ എന്നീ മക്കൾ കൂടിയുണ്ട്. റേഷൻ കാർഡോ, ഭൂമിയോ ഇല്ലാത്ത ലതികയ്ക്ക് സർക്കാർ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. ഇപ്പോൾ സനൽകുമാർ - സിനി ദമ്പതികളുടെ കരുണയിൽ ലതികയ്ക്ക് സ്വന്തമായി ഭൂമി ലഭിച്ചെങ്കിലും വീടെന്ന സ്വപ്നം ഇനിയും അകലെയാണ്.